സൂം ആപ്പ്. ചൈനയാണ്, പ്രശ്നമാണ് എന്നൊക്കെ പറഞ്ഞാലും ഈ ആപ്പ് സാധാരണ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞുവെന്ന് നിസംശയം പറയാം. കുറച്ച് നാള് മുന്‍പ് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന സൂം ഇപ്പോള്‍ ഗ്രാമീണ മേഖലയില്‍ ഉള്ളവരുടെ ഫോണില്‍ വരെ ഇടംപിടിച്ചിരിക്കുന്നു. കൊറോണവൈറസും, ലോക്ക്ഡൗണുമെല്ലാം ചേര്‍ന്നാണ് സൂം ആപ്പിന് ഇക്കാണുന്ന പ്രചാരം നേടിക്കൊടുത്തത്.
ചിലര്‍ക്ക് സൂം വഴി മീറ്റിംഗുകള്‍ നടക്കുമ്പോള്‍ സ്കൂള്‍ തുറക്കുന്നത് നീണ്ടുപോകുന്ന ഘട്ടത്തില്‍ പല സ്കൂളുകളും സൂം വഴിയാണ് ക്ലാസുകള്‍ നയിക്കുന്നത്. കറന്റ് ഉപയോഗത്തിനൊപ്പം ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ദ്ധിക്കുന്ന ഘട്ടത്തില്‍ എത്രത്തോളം ഡാറ്റയാണ് സൂം ആപ്പ് ഉപയോഗിക്കുന്നതെന്ന് അറിയേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം സുവ്യക്തമായ ചിത്രങ്ങള്‍ എങ്ങിനെ ലഭിക്കണമെന്നും മനസ്സിലാക്കേണ്ടതുണ്ട്.
വീഡിയോ സ്തംഭനം, ശബ്ദത്തിലെ പൊട്ടിത്തെറി

ആവശ്യത്തിന് ഇന്റര്‍നെറ്റ് ഡാറ്റയാണ് സൂം ആശയവിനിമയം തടസ്സങ്ങള്‍ കൂടാതെ നടക്കാന്‍ ആദ്യം വേണ്ടത്. ഡൗണ്‍ലോഡ് സ്പീഡും, അപ്ലോഡ് സ്പീഡും ഇതിന് വേണം. ഡൗണ്‍ലോഡ് സ്പീഡ് അനുസരിച്ചാണ് നമ്മള് കാണുന്ന ചിത്രത്തിന്റെ മികവ്, അപ്ലോഡ് സ്പീഡ് നിങ്ങളെ മറ്റുള്ളവരിലേക്ക് ബ്രോഡ്കാസ്റ്റ് ചെയ്യുന്ന മികവ് കൂട്ടും.
സൂം മീറ്റിംഗ് രണ്ട് പേര് മാത്രമാണെങ്കില്‍ ഉപയോഗിക്കുന്ന ഡാറ്റയല്ല ഗ്രൂപ്പ് കോള്‍ ആണെങ്കില്‍ ആവശ്യമായി വരിക. ഒരാള്‍ മാത്രമുള്ള മീറ്റിംഗില്‍ 540 എംബി മുതല്‍ 1.62 ജിബി വരെയാണ് ഒരു മണിക്കൂറില്‍ വേണ്ടിവരിക.
ഇത് ഗ്രൂപ്പ് കോളായി മാറുമ്പോള്‍ മണിക്കൂറില്‍ 810 എംബി മുതല്‍ 2.4 ജിബി വരെയാണ് മണിക്കൂറില്‍ വേണ്ടിവരിക, അതായത് മിനിറ്റില്‍ 13.5 എംബി മുതല്‍ 40 എംബി വരെയാണ് വേണ്ടത്.
ഡാറ്റ ഉപയോഗം എങ്ങിനെ കുറയ്ക്കാം?
സൂം ഡാറ്റ വലിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വൈഫൈ പങ്കുവെച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ കാര്യം കൂടുതല്‍ കുഴയും. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.

നിങ്ങള്‍ ഒരു ഗ്രൂപ്പ് കോളില്‍ ആണെങ്കിലും നിങ്ങളുടെ ഭാഗത്ത് നിന്നുള്ള വീഡിയോ പലപ്പോഴും ആവശ്യമായി വരാറില്ല. ഈ ഘട്ടത്തില്‍ നിങ്ങളുടെ വീഡിയോ ഫീഡ് ഓഫാക്കി വെയ്ക്കാം, ഇതുവഴി ഡാറ്റ ഉപയോഗം 30% കുറയ്ക്കാം.
സൂം മീറ്റില്‍ കയറുന്നതിന് മുന്‍പായി വീഡിയോ ഒഴിവാക്കി ജോയിന്‍ ചെയ്യാന്‍ ഓപ്ഷനുണ്ട്. ഇനി മീറ്റിംഗിന് ഇടയിലാണെങ്കില്‍ സ്റ്റോപ്പ് വീഡിയോ ബട്ടന് ക്ലിക്ക് ചെയ്യാം. ഇതിന് പുറമെ സ്ട്രീമിംഗ് ക്വാളിറ്റി കുറയ്ക്കുന്നത് ഡാറ്റ ഉപയോഗം 60% കുറയ്ക്കും. ആപ്പ് തുറക്കുമ്പോള്‍ കാണുന്ന സൂം സെറ്റിംഗ്സില് എച്ച്ഡി സ്ക്രീനിംഗ് ഓഫ് ചെയ്ത് വെയ്ക്കാം.
ഇതിലൊന്നും കാര്യങ്ങള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ പുതിയ, മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനദാതാവിലേക്ക് മാറാന്‍ സമയമായെന്ന് അര്‍ത്ഥം.