ഐഎസ് ബന്ധത്തില്‍ അറസ്റ്റിലായ 127 പേര്‍ക്കും പ്രചോദനം സാകിര്‍ നായികിന്റെ പ്രഭാഷണം; ബംഗ്ലാദേശി തീവ്രവാദ സംഘടന കേരളത്തിലും ചുവടുറപ്പിക്കുന്നു

0
310

സാകിര്‍ നായിക് പ്രഭാഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് അവകാശപ്പെടുന്ന പ്രഭാഷകനാണ്. എന്നാല്‍ ഇയാളുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധത്തില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഭീകരസംഘടനയുടെ ഭാഗമായതെന്ന് എന്‍ഐഎ.

അടുത്ത വര്‍ഷങ്ങളിലായി 127 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഐഎസ് ബന്ധങ്ങളുടെ പേരില്‍ അറസ്റ്റിലായത്. 33 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും യുപി 19, കേരളത്തില്‍ നിന്ന് 17, തെലങ്കാന 17, മഹാരാഷ്ട്ര 12, കര്‍ണ്ണാടക 8, ഡല്‍ഹി 7 എന്നിങ്ങനെയാണ് കൂടുതല്‍ അറസ്റ്റുകള്‍.

കൂടുതല്‍ പ്രതികളെയും തീവ്രവാദത്തിലേക്ക് എത്തിച്ചത് സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളാണെന്നതാണ് ഇതിലെ പൊതുകാര്യമെന്ന് എന്‍ഐഎ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അലോക് മിത്തല്‍ തീവ്രവാദവിരുദ്ധ ടീമുകളുടെ യോഗത്തില്‍ വ്യക്തമാക്കി. ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് വിവാദ പ്രഭാഷകന്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായത്.

വിവാദ പീസ് ടിവി സ്ഥാപകന്‍ കൂടിയായ മുംബൈയില്‍ ജനിച്ച നായിക് 2017 മുതല്‍ മലേഷ്യയിലാണ് താമസം. അവിടെയും പൊതുപ്രഭാഷണം അധികൃതര്‍ തടഞ്ഞിട്ടുണ്ട്. അതേസമയം ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരസംഘടന ജമാത്ത്-ഉള്‍-മുജാഹിദ്ദീന്‍ (ജെഎംബി) കേരളത്തിലും, കര്‍ണ്ണാടകയിലും, മഹാരാഷ്ട്രയിലും പ്രവര്‍ത്തനം വ്യാപകമാക്കിയെന്ന് എന്‍ഐഎ ഡയറക്ടര്‍ വൈസി മോദി വ്യക്തമാക്കി. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ബംഗ്ലാദേശി കുടിയേറ്റക്കാരെ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തനം വ്യാപകമാക്കുന്നത്.