‘ഒരു മഠം നടത്തുന്നത് പോലെല്ല, ഒരു സംസ്ഥാനത്തെ നയിക്കേണ്ടത്’. കാവി വേഷധാരിയായ ഒരു സന്ന്യാസി ഉത്തര്‍പ്രദേശ് പോലൊരു വമ്പന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷവും, രാഷ്ട്രീയ വിദഗ്ധരും ഉന്നയിച്ച വിമര്‍ശനമാണ് മേല്‍പ്പറഞ്ഞത്. എന്നാല്‍ മൂന്ന് വര്‍ഷം നീണ്ട ഭരണത്തിനിടെ 18 മണിക്കൂര്‍ കഠിനാധ്വാനം ചെയ്ത് തന്റെ വ്യത്യാസം എന്താണെന്ന് യോഗി തെളിയിച്ച് കഴിഞ്ഞു. എതിര്‍പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല, സ്വജനപക്ഷപാതം കാണിക്കാത്തതിന് സ്വന്തം പാര്‍ട്ടിക്ക് അകത്ത് പോലും യോഗിയ്ക്ക് എതിരാളികളുണ്ട്.
എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് മുഖ്യന്
കാട്ടുനീതി കൊണ്ട് കുപ്രശസ്തമാണ് ഉത്തര്‍പ്രദേശ്. രാഷ്ട്രീയ കേന്ദ്രങ്ങളുടെ തണലില്‍ വളര്‍ന്നുപന്തലിച്ച ഗുണ്ടാ, മാഫിയാ സംഘങ്ങള്‍, അവരെ അനുസരിക്കാന്‍ വിധിക്കപ്പെട്ട സാധാരണ ജനങ്ങള്‍. ഈ ട്രെന്‍ഡ് ഒരു സന്ന്യാസിയെ കൊണ്ട് തിരുത്തിയെഴുതാന്‍ സാധിക്കുമെന്ന് ബിജെപിക്കാര്‍ പോലും സ്വപ്നം കണ്ടുകാണില്ല. എന്നാല്‍ തന്റെയും, സര്‍ക്കാരിന്റെയും പ്രതിച്ഛായയില്‍ ഒരു നിമിഷം പോലും ചെളി പടരാന്‍ അനുവദിക്കാത്ത കാര്ക്കശ്യത്തിലൂടെയാണ് യോഗി ക്രിമിനല്‍ സംഘങ്ങളെ ഒതുക്കുന്നത്.
എന്‍കൗണ്ടര്‍, ഒറിജിനലും, ഡ്യൂപ്ലിക്കേറ്റും
എട്ട് പോലീസുകാരെ കൊന്ന് സ്ഥലംവിട്ട വികാസ് ദുബെയുടെ അവസ്ഥ നമ്മള് വായിച്ചറിഞ്ഞതാണ്. രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയെ വെടിവെച്ച് കൊന്നിരിക്കുന്നു. നിയമവും, നീതിയും നോക്കുകുത്തിയാക്കി സ്റ്റാറായി വളര്‍ന്ന വികാസ് ദുബെയ്ക്ക് പല മുന്‍ മുഖ്യമന്ത്രിമാരും, നിലവിലെ മന്ത്രിമാരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പോലീസ് നീക്കങ്ങള്‍ മിനിറ്റുകള്‍ വെച്ച് ദുബെയ്ക്ക് എത്തിക്കാന്‍ ചാരന്മാര് സജീവം.
ദുബെയെ ജീവനോടെയോ, അല്ലാതെയോ പിടികൂടാന്‍ ഒരാഴ്ച സമയമാണ് യോഗി സംസ്ഥാന ഡിജിപിക്ക് അനുവദിച്ചത്. ഒപ്പം ഒരു കാര്യം കൂടി ചെയ്തു. അധോലോക ഗുണ്ടയ്ക്ക് വിവരങ്ങള്‍ എത്തിക്കുന്ന പോലീസ് സുഹൃത്തുക്കളെ ഓരോരുത്തരായി സസ്പെന്‍ഡ് ചെയ്തു. ചിലര്‍ സത്യം തുറന്നുപറഞ്ഞ് സത്യസന്ധരായി. ഒടുവില്‍ പോലീസ് നീക്കങ്ങളെ കുറിച്ച് ഒരു വിവരവും കിട്ടില്ലെന്ന് ആയതോടെ ഗതികെട്ടാണ് ദുബെ പോലീസിന് മുന്നില്‍ നിന്നുകൊടുത്തത്.
ക്രിമിനലുകള്‍ക്കെതിരെ ‘മുഖം നോക്കാതെ’ എന്‍കൗണ്ടര്‍ ശീലമാക്കിയ യോഗി ദുബെയ്ക്കും കൂടുതല്‍ സമയം അനുവദിച്ചില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച അധോലോക ഗുണ്ടയ്ക്ക് ഭൂമിയിലെ സമയം കട്ട് ചെയ്ത് യാത്രയാക്കി. പല ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയും യോഗി ഈ നയമാണ് നടപ്പാക്കിയത്. കിഴക്കന്‍ യുപിയിലെ കൊണ്ടുപിടിച്ച ക്രിമിനലുകളായ മുക്താര്‍ അന്‍സാരി, ആതിഖ് അഹമ്മദ്, പടിഞ്ഞാറന്‍ യുപിയിലെ സുന്ദര്‍ ഭട്ടി, സുശീല്‍ മൂഞ്ച് തുടങ്ങിയ സംഘങ്ങളെയും തുടച്ചുനീക്കി, തലയ്ക്ക് വിലയിട്ട നൂറോളം ക്രിമിനലുകളെ വെടിവെച്ചു കൊന്നു. എന്‍കൗണ്ടറില്‍ ചോദ്യങ്ങളും സംശയങ്ങളും ഉയരുമ്പോഴും വര്‍ഷങ്ങളായി അഴിഞ്ഞാടിയ സംഘങ്ങള്‍ക്ക് ചരമഗീതം എഴുതാന്‍ ഈ സന്ന്യാസി മുഖ്യന് മടിച്ചില്ല.
24 കോടി ജനസംഖ്യ; ശ്രദ്ധേയമായ കൊവിഡ് പ്രതിരോധം
നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. വിദ്യാഭ്യാസത്തില്‍ വളരെ പിന്നിലാണെന്നതിന് പുറമെ അന്ധവിശ്വാസങ്ങളും വ്യാപകം. എന്നിട്ടും യോഗിയുടെ ഉത്തര്‍പ്രദേശ് കൊവിഡിന് എളുപ്പം വശപ്പെട്ടില്ല. ‘പ്രതിസന്ധി ഘട്ടത്തില്‍ ധൈര്യം പ്രകടിപ്പിക്കുന്നവര്‍ വിജയിക്കും. നിങ്ങള്‍ ചെയ്തത് ലോകത്തിന് മാതൃകയാണ്’, പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്കിയ യോഗിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ് ഈ വാക്കുകള്‍.
വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ട് പോകുകയാണ് യോഗി ആദിത്യനാഥ്. മറ്റ് രാഷ്ട്രീയക്കാരെ പോലെ ഈ സന്ന്യാസിക്ക് ബിസിനസ്സുകളില്ല. പുലര്‍ച്ചെ 4 മണിക്ക് എഴുന്നേറ്റ് സന്ന്യാസികള്‍ ചെയ്യേണ്ടതായ കര്‍മ്മം നിര്‍വ്വഹിച്ച്, യോഗയും പൂര്‍ത്തിയാക്കി ഈ സന്ന്യാസി തന്നില്‍ ഏല്‍പ്പിച്ച കര്‍മ്മം നിര്‍വ്വഹിക്കാന്‍ രംഗത്തിറങ്ങും. കഠിനാധ്വാനം കൊണ്ടാണ് ഭരണനിര്‍വ്വഹണം മെച്ചപ്പെടുത്താന്‍ ഒരു സാധാരണ സന്ന്യാസിക്ക് സാധിച്ചതും.