യോഗ ക്രിസ്തീയ വിരുദ്ധം; ക്രൈസ്തവരുടെ ജീവിതത്തില്‍ ഇടമില്ലെന്ന് പ്രഖ്യാപിച്ച് ഹോളി സിനഡ്

Yoga is not accepted in Christian belief

0
314

ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണ് യോഗയെന്ന് പ്രഖ്യാപിച്ച് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. കൊറോണാവൈറസ് ക്വാറന്റൈനിലുള്ള ജനങ്ങള്‍ സമ്മര്‍ദം നേരിടാന്‍ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോഴാണ് സഭയുടെ ഹോളി സിനഡ് ഈ പ്രഖ്യാപനം നടത്തിയത്.

മതമേധാവികളും, സീനിയര്‍ ബിഷപ്പുമാരും അടങ്ങുന്നതാണ് ചര്‍ച്ചിന്റെ ഹോളി സിനഡ്. ക്രിസ്ത്യാനികളുടെ ജീവിതത്തില്‍ യോഗയ്ക്ക് സ്ഥാനമില്ലെന്നാണ് ഇവര്‍ പ്രഖ്യാപിച്ചത്. അടിസ്ഥാനപരമായി ഹൈന്ദവ മതത്തിന്റെ ഭാഗമായതാണ് ഇതിന് കാരണം.

യോഗ പരിശീലിക്കരുതെന്നാണ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളോട് സഭ ആഹ്വാനം ചെയ്യുന്നത്. യോഗ ഒരു ശാരീരിക വ്യായാമ മുറയല്ലെന്നും സിനഡ് വാദിക്കുന്നു. ഏതെന്‍സില്‍ ആര്‍ച്ച്ബിഷപ്പ് ലെറോനിമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാന്‍ഡിംഗ് ഹോളി സിനഡിലാണ് ഈ പ്രഖ്യാപനം.

യോഗയ്ക്ക് എതിരെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആദ്യമായല്ല രംഗത്തിറങ്ങുന്നത്. ഏകദേശം 300 മില്ല്യണ്‍ ആളുകള്‍ ലോകത്തില്‍ യോഗ പരിശീലിക്കുന്നുവെന്നാണ് അന്താരാഷ്ട്ര യോഗ ഫെഡറേഷന്റെ കണക്ക്. യോഗ ഹൈന്ദവ ആചാരണമാണോയെന്നത് സംബന്ധിച്ച് പലവിധ ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.

തിരുവത്താഴകൂദാശ നല്‍കിയാല്‍ കൊറോണ പടരില്ലെന്ന് വാദിച്ചും ഗ്രീസ് ചര്‍ച്ച് വിവാദങ്ങളില്‍ പെട്ടിരുന്നു.