വികൃതി പയ്യന്‍മാര്‍ മുട്ട തല്ലിപ്പൊട്ടിച്ച് രസിച്ചു; നെഞ്ചുപൊട്ടി അരയന്നം ചത്തുവീണു!

Mother Swan dies of heart break!

0
418

മനുഷ്യന് സഹജീവികളുടെ വിഷമങ്ങള്‍ പലപ്പോഴും രസകരമായ കാര്യമാണ്. അതുകൊണ്ട് തന്നെയാണ് കൊലപാതകങ്ങളും, പീഡനങ്ങളും, നഷ്ടപ്പെടലുകളുടെയും കഥകള്‍ കാണാനും, കേള്‍ക്കാനും മനുഷ്യന്‍ ഇഷ്ടപ്പെടുന്നത്. മനുഷ്യനെ പോലെ തന്നെ മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും തങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഇതൊന്നും ചിലരുടെ തലയില്‍ കയറില്ല.

അടയിരുന്ന് വിരിയാന്‍ കാത്തിരുന്ന കുഞ്ഞുങ്ങളെ പാതിവഴിയില്‍ നഷ്ടമായതിന്റെ വേദനയില്‍ അമ്മ അരയന്നം ചത്തുവീണ കഥയാണ് മനുഷ്യന്റെ ദയാരഹിതമായ പരിപാടികള്‍ക്ക് ഉദാഹരണമാകുന്നത്. ഏതാനും കൗമാരക്കാരാണ് കല്ലും, കട്ടയും എറിഞ്ഞ് അരയന്നത്തിന്റെ മുട്ടകള്‍ തകര്‍ത്തത്. ഇതിന് പിന്നാലെ ‘ഹൃദയം പൊട്ടിയാണ്’ അമ്മ അരയന്നം ചത്തതെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ബോള്‍ട്ടനിലാണ് സംഭവങ്ങള്‍. അമ്മ അരയന്നം ചത്തുവീണതിന് മുന്‍പ് ആണ്‍ അരയന്നത്തെ കാണാതായിരുന്നു. തെമ്മാടികളായ ആണ്‍കുട്ടികള്‍ അരയന്നം മുട്ടയിട്ട ദ്വീപിന് നേര്‍ക്ക് കല്ലെറിഞ്ഞതോടെയാണ് മുട്ടകള്‍ പൊട്ടിയത്. ചില മുട്ടകള്‍ നഷ്ടമാകുകയും ചെയ്‌തെന്ന് അരയന്നങ്ങളെ നിരീക്ഷിച്ചിരുന്ന വൈല്‍ഡ്‌ലൈഫ് ആക്ടിവിസ്റ്റുകള്‍ പറയുന്നു.

പങ്കാളിയെ നഷ്ടമായാല്‍ അരയന്നങ്ങള്‍ ഹൃദയം പൊട്ടി മരിക്കുന്നത് പതിവാണെന്ന് സ്വാന്‍ ലൈഫ്‌ലൈന്‍ വ്യക്തമാക്കി. ഈ സാഹചര്യം മനുഷ്യരുടേത് പോലെയാണ് അരയന്നങ്ങളും നേരിടുക. വന്യമൃഗ നിയമങ്ങള്‍ പ്രകാരം അരയന്നങ്ങളും, അവയുടെ വാസസ്ഥലവും, മുട്ടകളും സംരക്ഷിത വിഭാഗത്തില്‍ വരുന്നവയാണ്.