ഗര്‍ഭകാലത്ത് കീമോതെറാപ്പി; ഒടുവില്‍ ആരോഗ്യപൂര്‍വ്വം അവനെത്തി; നെറുകയിലെ ചുംബനം വൈറല്‍

  0
  281

  ചില ചിത്രങ്ങള്‍ക്ക് ഒരായിരം വികാരങ്ങള്‍ ഉയര്‍ത്തിവിടാന്‍ സാധിക്കും. അത്തരത്തില്‍ ഹൃദയം നിറയ്ക്കുന്ന ഒരു ചിത്രമാണ് ജെയ്ഡ് ഡേവിസിന്റേത്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കീമോതെറാപ്പിക്ക് വിധേയയായ ഇവര്‍ തനിക്ക് പിറന്ന മകനെ ചേര്‍ത്ത് ചുംബിക്കുന്ന ചിത്രമാണ് വൈറലായി മാറിയത്.

  ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് 36-കാരി തനിക്ക് അപൂര്‍വ്വമായ സ്തനാര്‍ബുദം ബാധിച്ചെന്ന് തിരിച്ചറിഞ്ഞത്. ചികിത്സ നടത്തിയാല്‍ കുഞ്ഞിനെ ജീവനോടെ കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാമെന്നും നിര്‍ദ്ദേശിച്ചു.

  എന്നാല്‍ ആ നിര്‍ദ്ദേശം ഡേവിസിന് സ്വീകാര്യമായില്ല. വയറ്റില്‍ കുഞ്ഞിനെ ചുമക്കുമ്പോള്‍ തന്നെ അവര്‍ കീമോയ്ക്ക് വിധേയമായി. സ്വന്തം ജീവനും, മകന്റെ ജീവനും രക്ഷിക്കുകയായിരുന്നു ലക്ഷ്യം. മൂന്ന് മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഡേവിസ് ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

  ബ്രാഡ്‌ലി എന്നുപേരിട്ട കുഞ്ഞിനെ ചുംബിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായത്. സ്തനത്തിലെ ചെറിയ മുഴ ഗര്‍ഭകാലത്തെ ലക്ഷണമായി ഡോക്ടര്‍ വിധിച്ചെങ്കിലും ബയോപ്‌സി വേണമെന്ന് ജെയ്ഡ് ഡേവിസ് വാശിപിടിച്ചു. പരിശോധിക്കാന്‍ അന്ന് തോന്നിയില്ലായിരുന്നെങ്കില്‍ ഇന്ന് ഈ കഥ പറയാന്‍ താന്‍ ബാക്കി കാണില്ലായിരുന്നെന്ന് ഇവര്‍ വ്യക്തമാക്കുന്നു. പ്രസവത്തിന് ശേഷവും അമ്മയുടെചികിത്സ തുടരുകയാണ്.