ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ദിവസേന കൂടുന്നു; കാരണം എന്ത്?

Why pocket burns in petrol pump?

0
381

കൊറോണാവൈറസ് സൃഷ്ടിച്ച അങ്കലാപ്പും, നഷ്ടങ്ങളും ഒരു വശത്ത് അരങ്ങേറുമ്പോഴാണ് മറുവശത്ത് ഇന്ധന വില കുതിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കൂടിക്കൊണ്ടിരിക്കുകയാണ്. നഷ്ടം സഹിച്ച് ഇരിക്കുന്ന ജനത്തിന് ദേഷ്യം പിടിക്കാന്‍ കൂടുതല്‍ കാരണങ്ങള്‍ വല്ലതും വേണോ?

വില കൂടാന്‍ കാരണം എന്ത്?

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിപണിയില്‍ വില വര്‍ദ്ധിച്ചതും, ഡോളര്‍ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ ക്ഷീണത്തിലായതുമാണ് പമ്പില്‍ ചെല്ലുമ്പോള്‍ കൂടുതല്‍ പണം ഇറക്കേണ്ട അവസ്ഥയ്ക്ക് കാരണം. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് 2.14 രൂപ വരെ കൂടിയപ്പോള്‍, ഡീസലിന് 2.23 രൂപ വരെ ഉയര്‍ന്നു. ഇതുവരെ നേരിട്ട നഷ്ടം നികത്താന്‍ എണ്ണ കമ്പനികള്‍ തുനിഞ്ഞിറങ്ങുന്നതോടെ വരുംമാസങ്ങളില്‍ വില ഇനിയും കൂടുമെന്ന് തന്നെയാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

രൂപയുടെ ക്ഷീണം തുടര്‍ന്നാല്‍?

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിപണിയിലെ വിലയും, രൂപ-ഡോളര്‍ വിനിമയ നിരക്കും പരിഗണിച്ചാണ് ഇന്ത്യയില്‍ ദിവസേന നിരക്ക് എണ്ണ കമ്പനികള്‍ തീരുമാനിക്കുന്നത്. ആഗോള എണ്ണ വില കൂടിയതിനൊപ്പം രൂപ ക്ഷീണിച്ചതോടെ കൂടുതല്‍ ചെലവിട്ടാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ഈ അധികരിച്ച ചെലവ് നേരിട്ട് ഉപഭോക്താക്കളുടെ തലയില്‍ ഇടാന്‍ കമ്പനികള്‍ തെല്ലും മടിച്ചില്ല.

വില കുറയാന്‍ സാധ്യതയുണ്ടോ?

ആഗോള ഇന്ധന വിലയിലെ ചാഞ്ചാട്ടം പ്രതിഫലിക്കുന്നതാണ് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലകള്‍. എന്നാല്‍ എണ്ണവില കുറയുന്നതിനൊപ്പം ഇന്ത്യയിലെ എണ്ണ കമ്പനികള്‍ വില കുറയ്ക്കാറുണ്ടോയെന്ന് ചോദിച്ചാല്‍, തലയില്‍ വിരല്‍ ചൊറിയേണ്ടി വരും. വില കൂടുന്ന വേഗത വില കുറയുന്നതില്‍ കാണാറില്ലെന്നതാണ് വാസ്തവം.

നിലവിലെ സ്ഥിതിയില്‍ ലോകത്ത് തുടരുന്ന സ്തംഭനാവസ്ഥ തിരികെ എത്താന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ ഇന്ധനം വാങ്ങിസൂക്ഷിച്ചത് മിക്കവാറും നിറഞ്ഞുകവിഞ്ഞ അവസ്ഥയും. ഇന്ധന ഉപയോഗം കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ ആഗോള വിപണി വില കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടുമോയെന്ന് ചോദിച്ചാല്‍ ഒരു ഉറപ്പും പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് സംസ്ഥാന ഗവണ്‍മെന്റുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ അധിക നികുതി വരുമാനം നേടാന്‍ ശ്രമിക്കും.