300 രൂപയുമായി വീട്ടില്‍ നിന്നും ഒളിച്ചോടിയ നവീന്‍ കുമാര്‍; ആ ചെറുപ്പക്കാരനാണ് ഇന്നത്തെ യാഷ്

Why KGF star Yash ran away from home with Rs.300?

0
265

വീട്ടില്‍ നിന്നും ചെറുപ്പത്തില്‍ ഒളിച്ചോടി മുംബൈയിലെത്തുന്ന ഒരു കുട്ടി. പിന്നീട് മുംബൈ നഗരത്തിലെ ആരും ഭയപ്പെടുന്ന ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തി നാട്ടില്‍ തിരിച്ചെത്തുന്ന കഥാപാത്രം. ആ കഥാപാത്രത്തിന് മിക്കവാറും പേര് ‘ഉണ്ണി’ എന്നാകും. സിനിമയില്‍ കണ്ടുവന്നിട്ടുള്ള ഈ അത്ഭുതം യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ട വ്യക്തിയാണ് നവീന്‍ കുമാര്‍. ഈ പേര് പറഞ്ഞാല്‍ ആളെ മനസ്സിലാകില്ലെങ്കിലും, യാഷ് എന്നു കേട്ടാല്‍ വ്യക്തിയെ പിടികിട്ടും.

കന്നഡ സിനിമയില്‍ താരകുടുംബത്തിന് പുറത്ത് നിന്നുമെത്തി പ്രതിഭ തെളിയിച്ച താരമാണ് യാഷ്. കെജിഎഫില്‍ ‘റോക്കി ഭായി’ ആയതോടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടാനും അദ്ദേഹത്തിന് സാധിച്ചു. കെജിഎഫ് 2 സംഭവിക്കാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് യാഷിന്റെ സ്റ്റൈലിനെ പുകഴ്ത്തിയിട്ട് മതിവരുന്നില്ല. എന്നാല്‍ കന്നഡ സിനിമയില്‍ ഒട്ടും എളുപ്പത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ കടന്നുവരവ്.

വീട്ടില്‍ നിന്നും 300 രൂപയുമായി ഒളിച്ചോടിയ ആളാണ് താനെന്ന് യാഷ് മുന്‍പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന അഭിനയരംഗത്ത് എത്തിച്ചേരാനാണ് ആ ഒളിച്ചോട്ടം നടത്തിയത്. ‘വീട്ടില്‍ നിന്നും ഒളിച്ചോടി ഇവിടെ എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നുപോയി. എപ്പോഴും ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നതിനാല്‍ പോരാടുന്നതില്‍ ഭയം തോന്നിയില്ല. പോക്കറ്റിലുണ്ടായിരുന്നത് 300 രൂപയാണ്. തിരിച്ചുപോയാല്‍ പിന്നെ ഒരു മടങ്ങിവരവ് സാധ്യമാകില്ലെന്ന് ഉറപ്പായിരുന്നു. വീട്ടുകാര്‍ പറയുന്ന രീതിയില്‍ ജീവിക്കേണ്ടി വരും’, യാഷ് വെളിപ്പെടുത്തി.

താന്‍ തിരികെ ചെല്ലുമെന്നാണ് വീട്ടുകാര്‍ കരുതിയത്. പക്ഷെ ഈ സമയത്ത് നാടകത്തില്‍ അവസരം കിട്ടി. ചായ വാങ്ങിക്കൊടുക്കുന്നത് മുതല്‍ സകല ജോലിയും ചെയ്തു. ഇതിനിടയില്‍ കന്നഡ സിനിമയില്‍ പ്രവേശിക്കാന്‍ ഒരു ഡയറക്ടറുടെ അസിസ്റ്റന്റുമായി. സ്റ്റേജില്‍ ആദ്യമായി അഭിനയിച്ച വേഷം ശ്രദ്ധിക്കപ്പെട്ടത് ഭാഗ്യമായി മാറിയതോടെ സിനിമയ്ക്ക് പകരം സീരിയലിലേക്കാണ് ക്ഷണം ലഭിച്ചത്. പൊതുവെ മിനി സ്‌ക്രീനിലേക്ക് ചുവടുവെയ്ക്കാന്‍ പലരും ഭയപ്പെടും. ഇതിന് ശേഷം സിനിമയില്‍ അവസരം ലഭിക്കില്ലെന്ന ഭയമാണ് ഇതിന് പിന്നില്‍.

പക്ഷെ യാഷിനെ ആ ഭയം അലട്ടിയില്ല. സീരിയലില്‍ അഭിനയിച്ചു. വിശപ്പ് മാറ്റുകയും, പിടിച്ചുനില്‍ക്കുന്നതിനും ഒപ്പം പ്രിയപ്പെട്ട അഭിനയത്തില്‍ തുടരാനും ഇത് വഴിയൊരുക്കി. എന്തായാലും ആ ചെറുപ്പക്കാരന്റെ അധ്വാനത്തിന് ഫലം ലഭിച്ചു, സിനിമയിലേക്ക് എത്തപ്പെട്ടു. ഒടുവില്‍ കന്നഡയിലെ സൂപ്പര്‍താരങ്ങള്‍ക്കൊന്നും ലഭിക്കാത്ത ഉയരത്തിലേക്ക് യാഷ് എത്തുകയും ചെയ്തു.

ലോക്ക്ഡൗണ്‍ കാലത്ത് പ്രചോദനമാകാന്‍ യാഷിന്റെ ഈ ജീവിതം ഉറപ്പായും പ്രചോദനമാകും.