തൊലിയുടെ നിറം കറുത്താല്‍ ‘അയ്യേ’ എന്ന് പറയുന്നവരോട്; നിന്റെ പൂര്‍വ്വികനും ആഫ്രിക്കക്കാരന്‍ തന്നെ!

Why fair is always the lovely skin tone?

0
217

‘കറുപ്പിന് ഏഴഴകാണ്’. നമ്മളെ പറഞ്ഞുപഠിപ്പിച്ചിട്ടുള്ളത് ഇതൊക്കെയാണെങ്കിലും തൊലി കറുത്തവരോട് നമ്മുടെ പെരുമാറ്റം എങ്ങിനെയാണ്? ഓഹ്, എനിക്ക് അങ്ങിനെ ഒന്നുമില്ല എന്ന് പറയുന്നവര്‍ ദയവായി ഒരല്‍പ്പം കൂടി ആഴത്തില്‍ ചിന്തിക്കണമെന്ന് പറയേണ്ടി വരും. ഒരു ചോദ്യം ചോദിക്കട്ടെ കറുത്ത നിറമുള്ള ഒരു വ്യക്തിയെ കണ്ടാല്‍, വേണ്ട കറുത്ത ഒരു കുഞ്ഞിനെ കണ്ടാല്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ ആദ്യം വരുന്ന ചിന്ത?

ഒട്ടും മടികൂടാതെ പറയാം, തൊലി കറുത്തവര്‍ വെളുത്ത തൊലിയുള്ളവരേക്കാള്‍ എന്തൊ കുറവുള്ളവരായി അനുഭവപ്പെടും. ഇതിലും അപ്പുറം ചിന്തിക്കുന്നവര്‍ അവര്‍ പട്ടികജാതിക്കാര്‍ (മറ്റേ ടീമാണ്!) ആണെന്ന മുന്‍ധാരണയോടെ തങ്ങളേക്കാള്‍ കുറഞ്ഞ ജാതിക്കാര്‍ ആണെന്ന മട്ടില്‍ പെരുമാറും. സ്‌കൂളിലും കോളേജിലും മറ്റും പഠിക്കുമ്പോള്‍ തൊലി കറുത്തവരെ ‘ആഫ്രിക്കയെന്നും’ നീഗ്രോയെന്നും വരെ വിളിച്ചവര്‍ നമുക്കിടയില്‍ കാണും, ആ വിളികേട്ടവരും കാണും.

Difference between MS Dhoni skin tone in Advt and reality!

തൊലിയുടെ നിറത്തിന്റെ ശാസ്ത്രം!

ജനിതകഘടനയുടെ ഗുണം കൊണ്ടാണ് സ്വന്തം തൊലി വെളുത്തത് എന്ന ചിന്ത വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ വെയില്‍ കൊണ്ട് പണിയെടുത്തവന്‍ കറുത്ത് പോയത് ഡിഎന്‍എ മൂലമാണെന്ന് വിശ്വസിക്കുന്നവര്‍ എത്ര വിദ്യാഭ്യാസം ഉള്ളവരാണെന്ന് പറഞ്ഞാലും സഹതപിക്കുകയേ മാര്‍ഗ്ഗമുള്ളൂ.

ഇക്വേറ്റര്‍, അതായത് ഈ ഭൂമധ്യരേഖയ്ക്ക് അടുത്ത് താമസിക്കുന്ന ജനസമൂഹത്തിന്റെ തൊലി അല്‍പ്പം ഇരുണ്ടിരിക്കും. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും രക്ഷിക്കാനാണ് പ്രകൃതിയുടെ ഈ വികൃതി. ശൈത്യം അധികമുള്ള മേഖലകളില്‍ വെയില്‍ കുറഞ്ഞിരിക്കും. ഇവിടങ്ങളിലെ മനുഷ്യര്‍ക്ക് വൈറമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ തൊലി വെളുത്ത് ഇരിക്കുകയും വേണം.

മനുഷ്യന്റെ പൂര്‍വ്വികര്‍ ആഫ്രിക്കയില്‍ നിന്ന് വന്നവരാണ്. ആരൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് യാഥാര്‍ത്ഥ്യമാണ്. തൊലി വെളുത്തവന്റെയും, കറുത്തവന്റെയും ജനിതഘടനയും ഏറെ അടുത്ത് നില്‍ക്കുന്നത് തന്നെ. വെയില്‍ കളിച്ച കളിയില്‍ തങ്ങളാണ് കേമന്‍മാരെന്ന് ഒരു വിഭാഗം തെറ്റിദ്ധരിച്ചപ്പോള്‍ വന്നുപോയതാണ് ഈ പ്രൗഢി.

The creator of this ad thought the child’s skin can be black, why?

തൊലിയുടെ നിറം അടിച്ചമര്‍ത്തപ്പെടേണ്ടവന്റെ നിറമാകുമ്പോള്‍

അടിമത്തത്തിന്റെ നിറം കറുപ്പാണ്. കറുത്ത തൊലിയെങ്കില്‍ അവന്‍ അടിമയാകേണ്ടവന്‍ തന്നെയെന്ന അലിഖിത നിയമം സമൂഹത്തിന്റെ മനസ്സില്‍ ബാക്കിനില്‍ക്കുന്നു. ഒരു ഉദാഹരണം പറയാം. ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി. അയാളുടെ നിറം കറുപ്പാണ്. ശക്തമായ ചില നടപടികള്‍ സ്വീകരിച്ചാല്‍ സമൂഹത്തിന്റെ മാത്രമല്ല അയാളുടെ സഹജീവനക്കാരുടെ പോലും പ്രതികരണം എന്തായിരിക്കും? ചിലരെങ്കിലും അടുത്ത ചെവിയില്‍ പറയും ‘ആ നിറം കണ്ടില്ലേ. ഇവന്മാര്‍ ഇങ്ങനെയൊക്കെ തന്നെ ചെയ്യും’.

ഒരിക്കല്‍ ഒരു പ്രമുഖ സ്ഥാപനത്തിലെ മാനേജര്‍ തസ്തികയില്‍ ഇരിക്കുന്ന ഒരു വ്യക്തി പറഞ്ഞ കഥ കൂടി പറയാം. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു പുതിയ എസ്‌ഐ വന്നിരിക്കുന്നു. നിറം കറുത്തിട്ടാണ് (മുഖത്തൊരു ചിരി, ഏത്!) അയാള്‍ മദ്യപിച്ച് വരുന്നവരെ കൃത്യമായി പിടികൂടുന്നു. കര്‍ശനമായ നിലപാടെടുക്കുന്നു. ഈ വിദ്വാന്റെ പ്രതികരണം ഇങ്ങനെ- ‘അവനെയൊക്കെ കണ്ടാല്‍ അറിയാം, മറ്റേ ടീം ആണെന്ന്… അതിന്റെ ഒരു —- (തെറിവാക്ക്) ആണ്’!

ഇന്ത്യയില്‍ ഈ ചിന്തയ്ക്ക് ആധാരമില്ലെന്ന് പറഞ്ഞാല്‍ അത് വിഡ്ഢിത്തമാകും. സൗത്ത് ഇന്ത്യക്കാരേക്കാള്‍ കേമന്മാരാണ് തങ്ങളെന്ന് ചിന്തിക്കുന്നരാണ് നോര്‍ത്ത് ഇന്ത്യക്കാര്‍, ഇതും തൊലിയുടെ നിറം കൊണ്ടാണെന്നതാണ് തമാശ. ഒരു രാജ്യത്ത് ഈ വേര്‍തിരിവ് മനസ്സുകളില്‍ നിലനില്‍ക്കുന്നുവെങ്കില്‍ അവിടെ തൊലി കറുത്തവന്‍ നേരിടുന്ന അവസ്ഥകള്‍ എന്താകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

ഇതൊക്കെ വലിയ കാര്യമാണോ?

ഹാ. എന്ത് എളുപ്പം. നാട്ടില്‍ വലിയ പ്രശ്‌നമുള്ള എന്തൊക്കെ കാര്യങ്ങളുണ്ട്. അപ്പോഴാണ് ഒരു തൊലിയുടെ നിറം. ഇതിന്റെ പേരില്‍ മാനസിക വിഷമം അനുഭവിക്കുന്ന എത്ര പേര്‍ നമുക്ക് ഇടയിലുണ്ട്. വീട്ടിലുള്ള അംഗങ്ങള്‍ തന്നെ തൊലി കറുത്തതിന്റെ പേരില്‍ പരിഹാസവും, അപമാനവും നേരിടേണ്ടി വരുന്നുണ്ട്.

കറുത്ത നിറമുള്ള പെണ്ണായാല്‍ വിവാഹ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് പോരെന്ന് വിധിയെഴുതും. അതുകൊണ്ട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്നും, സ്ത്രീധനം കൂടുതല്‍ നല്‍കണം എന്നുതുടങ്ങിയ ബന്ധുക്കളുടെ ഭീഷണികള്‍ കേട്ട് വിഷമിച്ച എത്ര രക്ഷിതാക്കള്‍ നമുക്കിടയില്‍ കാണും. അതുകൊണ്ട് ഇതൊരു വ്യക്തിയെ മാത്രം സംബന്ധിക്കുന്ന വിഷയമല്ലെന്ന് ഉറപ്പിക്കാം.

Can you find any problem in the skin tone?

പരസ്യങ്ങളും, സിനിമകളും വിളമ്പുന്നത്

വെളുത്ത മുഖമുള്ള മോഡലുകള്‍. അവരാണ് നമ്മുടെ നാട്ടിലെ പരസ്യങ്ങള്‍ക്ക് അനിവാര്യമായ സംഗതി. നാട്ടിലെ ഭൂരിപക്ഷം പേരും അത്രയും വെളുത്ത നിറമില്ലാത്തവര്‍ ആയിട്ട് കൂടി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ മുതല്‍ സിമന്റ് കമ്പനി വരെ വെളുത്ത നിറക്കാരെ മാത്രമേ മോഡലാക്കൂ. (ഇതിന് വിരുദ്ധമായ ചുരുക്കം ചില പരസ്യങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്)

ഈ പരസ്യങ്ങള്‍ നാട്ടുകാരോട് വിളിച്ച് പറയുന്നു ‘നിങ്ങള്‍ ഇവരെ പോലെ വെളുത്തിരിക്കണം, നിങ്ങള്‍ക്ക് സുന്ദരിയാകണോ, ഈ ക്രീം ഉപയോഗിക്കൂ’. അറിഞ്ഞോ, അറിയാതെയോ ഈ പരസ്യങ്ങളും, നമ്മുടെ സിനിമകളും, മാസികകളും എല്ലാം മനസ്സിനോട് ആവശ്യപ്പെടുന്നത് വെളുത്തിരിക്കാനാണ്. കറുത്ത തൊലിയാണെങ്കില്‍ എത്രയും പെട്ടെന്ന് ഓരോ വഴികള്‍ തേടി നിറം വെളുപ്പിക്കണം. അതാണ് ശരി!

നിറം കറുത്തതായത് കൊണ്ട് കൂട്ടുകൂടാന്‍ മടിക്കുന്നവര്‍, അങ്ങിനെ ഒരാളെ ജീവിതത്തിന്റെ ഭാഗമാക്കില്ലെന്ന് ശഠിക്കുന്നവര്‍, സ്വയം കറുത്ത തൊലിയുള്ളവര്‍ ആണെങ്കില്‍ പോലും വെളുത്തവരെയാണ് എനിക്കിഷ്ടം എന്ന് പറയുന്നവര്‍, ഇവരെല്ലാം ശരിയെന്ന് തങ്ങളെ സമൂഹം ബോധിപ്പിച്ച രീതിയുടെ ഭാഗമാകുകയാണ് ചെയ്യുന്നത്.

When the artistic liberty goes wrong!

‘കാര്‍മുകില്‍വര്‍ണ്ണന്‍’ വെള്ളക്കാരനായപ്പോള്‍

കാര്‍മുകില്‍ വര്‍ണ്ണന്‍ എന്നാണ് ഭഗവാന്‍ കൃഷ്ണനെ വിശേഷിപ്പിച്ചിട്ടുള്ളത്. സംശയിക്കേണ്ട നല്ല കട്ടക്കറുപ്പ് തന്നെ. പക്ഷെ നമുക്ക് ചുറ്റുമുള്ള എത്ര ചിത്രങ്ങളില്‍, വിഗ്രങ്ങളില്‍ നമുക്ക് കറുത്ത കൃഷ്ണനെ കാണാന്‍ കഴിയും? വരച്ചയാളുടെ സൃഷ്ടികല്‍പ്പന നിറം ഈ വിധമാക്കിയപ്പോള്‍ അത് ശരിയെന്ന് ഉറപ്പിക്കാന്‍ ആളുകള്‍ക്ക് തെല്ലും മടിയുണ്ടായില്ല, അതില്‍ തെറ്റ് ഉണ്ടായിട്ട് കൂടി!

ഹൈന്ദവ വിഭാഗത്തില്‍ നിറത്തിന്റെ ഈ പകര്‍ച്ചയെ ജാതീയതയുമായി ബന്ധപ്പെട്ട് ഉപയോഗിക്കാറുണ്ട്. ഇത് മറ്റ് മതവിഭാഗങ്ങളില്‍ പെട്ടവരും ആവര്‍ത്തിക്കുമ്പോള്‍ ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ പുനരുദ്ധാനത്തിന്റെ ഗുണങ്ങള്‍ കുറയുന്നതായി പറയേണ്ടിവരും. ക്രിസ്തീയ, മുസ്ലീം മതവിശ്വാസത്തില്‍ പെടുന്ന ഒരു വ്യക്തി തന്റെ പൂര്‍വ്വികര്‍ ഏതെങ്കിലും ഇല്ലത്തെ നമ്പൂതിരിയായിരുന്നു എന്ന് അഭിമാനത്തോടെ പറയുന്നുണ്ടെങ്കിലും ജാതീയതയും, നിറവും നമ്മുടെ സമൂഹത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നതിന് തെളിവാണ്.

A change is necessary, in our mind first

തിരുത്ത് അനിവാര്യം

സംസ്‌കാരത്തിന്റെ ഭാഗമായി തെറ്റിദ്ധരിക്കപ്പെട്ട് മനസ്സില്‍ ചേക്കേറിയ ഇത്തരം വിശ്വാസങ്ങള്‍ തിരുത്തേണ്ടത് തന്നെയാണ്. ഇത് വളരെ എളുപ്പത്തില്‍ നടക്കുന്ന ഒരു കാര്യമല്ല. പക്ഷെ ഭാവി തലമുറയില്‍ പെട്ട നമ്മുടെ കുട്ടികള്‍ നിറത്തിന്റെ പേരില്‍ തങ്ങള്‍ കുറഞ്ഞവരാണെന്ന ചിന്ത നേരിടരുത്. തൊലിയുടെ നിറമല്ല ഒരു വ്യക്തിയുടെ മികവ് നിശ്ചയിക്കുന്നതെന്ന് കുട്ടികളെ നമുക്ക് ബോധിപ്പിച്ചേ മതിയാകൂ. എല്ലാ മനുഷ്യന്റെയും പൂര്‍വ്വികര്‍ ആഫ്രിക്കക്കാര്‍ തന്നെയായിരുന്നുവെന്നും, വെയില്‍ നടത്തിയ വികൃതി മാത്രമാണ് ഈ തൊലിയുടെ നിറം നിശ്ചയിക്കുന്ന ഘടകമെന്നും അവരെ മനസ്സിലാക്കണം. എന്നിട്ട് മുന്നോട്ട് പോയാല്‍ മാത്രമാണ് ഏകത്വം എന്ന് പറയുന്ന വാക്കിന് എന്തെങ്കിലും അര്‍ത്ഥം ബാക്കിയുണ്ടാവുക.