കുഞ്ഞെല്‍ദോ; പ്രണയത്തില്‍ പൊതിഞ്ഞ ‘തണ്ണീര്‍മത്തന്‍’ പോലെ ഫ്രഷാകും ഈ ചിത്രം; കാരണങ്ങള്‍ ഇത്!

Kunjeldho combination is magical

0
1221

2019 ജൂണിലാണ് ആസിഫ് അലി നായകനായി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ വരുന്നതായി പ്രഖ്യാപനം എത്തിയത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും, പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കുഞ്ഞെല്‍ദോയുടെ ‘ഫസ്റ്റ് ഗ്ലിംസ്’ (നമ്മുടെ ടീസര്‍ തന്നെ) അടുത്തിടെ പുറത്തുവിട്ടിരുന്നു.

കോളേജ് കാലം:

കോളേജിന്റെ പടിവാതില്‍ കടന്നെത്തുന്ന ആ ചെറുപ്പക്കാരന്റെ (ആസിഫ് അലി) കണ്ണിലെ ആകാംക്ഷയും, ആവേശവും കോളേജിന്റെ മണ്ണില്‍ കാലുകുത്തിയ ഓരോരുത്തരും അനുഭവിച്ചിരിക്കും. പ്രണയത്തില്‍ പൊതിഞ്ഞെത്തുന്ന ആ കഥ ‘തണ്ണീര്‍മത്തന്‍’ പോലെ ഇപ്പോള്‍ പഠിക്കുന്നവരുടെയും, പഠിച്ചിറങ്ങിയവരുടെയും മനസ്സുകളില്‍ ഒരുപോലെ തങ്ങിനില്‍ക്കുന്ന കാലമാകും. അത് കൊണ്ട് തന്നെ വിവിധ പ്രായത്തിലുള്ളവരെ തീയേറ്ററിലെത്തിക്കാന്‍ ചിത്രത്തിന് സാധിക്കും.

ആസിഫ് അലി:

കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചന്‍ മലയാളിയുടെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല. അഭിനയത്തിന്റെ കാര്യത്തിലും, സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ആസിഫ് ഇപ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ ചിത്രങ്ങള്‍ മുന്നോട്ട് പോകുംതോറും കുടുംബ പ്രേക്ഷകര്‍ക്കും, തീയേറ്ററുകാര്‍ക്കും ഒരുപോലെ ലാഭകരമായ താരമായി അദ്ദേഹം മാറിക്കഴിഞ്ഞു. കോളേജ് കുമാരനായി വ്യത്യസ്തമായ ഭാവങ്ങളോടെ ആസിഫ് എത്തുന്നത് പ്രതീക്ഷയേകുന്ന കാര്യമാണ്.

ഷാന്‍ റഹ്മാന്‍:

കുഞ്ഞെല്‍ദോയുടെ ടീസറില്‍ ‘മനസ്സ് നന്നാകട്ടെ’ എന്ന ഗാനം വിനീത് ശ്രീനിവാസന്‍ ആലപിച്ച് കേട്ടപ്പോള്‍ ഒരു പ്രത്യേക സുഖം തോന്നിയില്ലേ? ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകനാകുന്നത്. ഒരു കോളേജ് പ്രമേയമാക്കിയ ചിത്രത്തില്‍ സംഗീതത്തിന് ഒരുപാട് സാധ്യതകളുണ്ട്. ഷാന്റെ സംഗീതം സിനിമയുടെ ‘ഫ്രഷ്’ ഫീലിന് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട!

വിനീത് ശ്രീനിവാസന്‍:

ശ്രീനിവാസന്റെ മകന്‍ എന്നതിന് ഉപരിയായി മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വ്യക്തിയാണ് വിനീത്. ഗായകന്‍ എന്നതില്‍ തുടങ്ങി വിനീതിലെ സംവിധായകനെയും, അഭിനേതാവിനെയും മലയാളിക്ക് വിശ്വാസമാണ്. കുഞ്ഞെല്‍ദോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ പദം അലങ്കരിക്കുന്നത് വിനീതാണ്. മറ്റൊരാളുടെ സിനിമയില്‍ വിനീത് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നുവെങ്കില്‍ അത് വെറുതെയാകില്ലെന്ന് ഉറപ്പ്.

ആര്‍ജെ മാത്തുക്കുട്ടി:

ആദ്യം ശബ്ദമായാണ് മാത്തുക്കുട്ടി മലയാളികളുമായി കൂട്ടുകൂടിയത്. പിന്നീട് ചാനല്‍ അവതാരകനായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ചടുലവും, ഹൃദ്യവുമായ സംസാരത്തിലൂടെ ചുവടുകള്‍ വെച്ച മാത്തുക്കുട്ടി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഇത്രയും പ്രതിഭാധനര്‍ ഒത്തുകൂടുന്നുവെന്നതാണ് കുഞ്ഞെല്‍ദോയെ സവിശേഷമാക്കുന്നത്.

മനംകുളിര്‍പ്പിക്കുന്ന, ആര്‍ത്തുചിരിപ്പിക്കുന്ന, ഹൃദയം നിറഞ്ഞ് കരയിക്കുന്ന ‘തണ്ണീര്‍മത്തന്റെ’ സുഖമുള്ള ഒരു ചിത്രമായി കുഞ്ഞെല്‍ദോ മാറുമെന്ന് പറയാന്‍ ഇത്രയും കാരണങ്ങള്‍ ധാരാളം!