ഈ ‘മനുഷ്യന്’ 61 വയസ്സ് തികഞ്ഞു; മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രം തുണച്ച സുരേഷ് ഗോപി!

To be a star and human being is a tough job, Well done Suresh Gopi

0
415

‘ഈ വിഷമസന്ധിയില്‍ എല്ലാ പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും സുരേഷിനെ ആവശ്യമുണ്ട്. എല്ലാവരുടെയും കൂടെ സുരേഷുണ്ട്’

പ്രശസ്ത ഗായകന്‍ ജി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച വാക്കുകളാണിത്, സുരേഷ് എന്ന് അദ്ദേഹം ചുരുക്കി വിളിച്ചത് മലയാളികളുടെ സ്വന്തം സുരേഷ് ഗോപിയെ തന്നെയാണ്. മലയാള സിനിമയില്‍ മമ്മൂട്ടിയും, മോഹന്‍ലാലും കഴിഞ്ഞാല്‍ താന്‍ തന്നെയാണെന്ന് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തി ഒരുവട്ടം കൂടി ഉറപ്പിച്ച് നില്‍ക്കുമ്പോള്‍ സുരേഷ് ഗോപി 61-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ഈ സമയത്തും രാഷ്ട്രീയഭേദങ്ങള്‍ മാറ്റിവെച്ച് ഒരു സാധാരണ മനുഷ്യനായി മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുന്നുവെന്ന് ജി. വേണുഗോപാലിന്റെ വാക്കുകള്‍ സ്ഥിരീകരിക്കുന്നു.

ബിജെപിയുടെ ഭാഗമായി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ അക്രമണം നേരിട്ടപ്പോഴും തന്റെ നിലപാടുകള്‍ സുവ്യക്തമായി പറയാന്‍ അദ്ദേഹം തെല്ലും മടിച്ചിട്ടില്ല. സുദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി മലയാളികളുടെ മനസ്സിലേക്ക് ഒരുവട്ടം കൂടി നടന്നത് കയറിയത്. സാധാരണ തീപ്പൊരി ഡയലോഗുകള്‍ക്ക് പകരം ഒരു പാവം മേജറായി കൊണ്ടായിരുന്നു ആ മടങ്ങിവരവ്.

കാവല്‍- തീപ്പൊരിയിട്ട് ടീസര്‍

നിതിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ‘കാവല്‍’ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. ജന്മദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് അണിയറക്കാര്‍ ആരാധകര്‍ക്ക് ആഘോഷം സമ്മാനിച്ചത്. ഒരു തീപ്പൊരി തന്നെയാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മുണ്ടിന് പിന്നില്‍ കുത്തിവെച്ച തോക്ക് എടുക്കുന്ന, മുഖത്ത് പരുക്കേറ്റ കഥാപാത്രത്തെ കാണിക്കുന്നതിന് മുന്‍പ് തീകോരിയിടാന്‍ ഒരു ഡയലോഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരേഷ് ഗോപിയെ ഇഷ്ടപ്പെട്ട ‘ആ’ കഥാപാത്രങ്ങള്‍

സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ കരയുകയും, ചിരിക്കുകയും, ചിന്തിക്കുകയും ചെയ്യുമ്പോഴാണ് ആ കഥാപാത്രം വിജയകരമായി മാറുന്നത്. തീയേറ്റര്‍ വിട്ടിറങ്ങുമ്പോഴും മനസ്സില്‍ അവശേഷിക്കാന്‍ കഴിയുന്നുവെങ്കില്‍ പ്രേക്ഷകന്റെ ഹൃദയത്തില്‍ ആ താരം ഇടംനേടുകയും ചെയ്യും. ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ സുരേഷ് ഗോപി ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ തീപ്പൊരി താരമായി മാറുന്നത്. പിന്നീട് കയറ്റങ്ങളും ഇറക്കങ്ങളും, ഇടവേളകളുമായി ഒരു സാധാരണക്കാരനായി, മറച്ചുപിടിക്കലുകളില്ലാത്ത മനുഷ്യനായി നമുക്കിടയിലുണ്ട്.

ഏകലവ്യന്‍: 1993. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചതോടെയാണ് ഈ അവസരം സുരേഷ് ഗോപിക്ക് മുന്നിലെത്തിയത്. ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് ഒരുക്കിയ ചിത്രം പല റെക്കോര്‍ഡുകളും ഭേദിച്ച് തീയേറ്ററില്‍ 150 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു. ചിത്രത്തില്‍ നരേന്ദ്ര പ്രസാദ് അവതരിപ്പിച്ച കഥാപാത്രവും ഹിറ്റായി.

കമ്മീഷണര്‍:1994-ല്‍ വീണ്ടുമൊരു ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട്, മലയാളത്തിന് ഇക്കുറി സമ്മാനിച്ചത് ഭരത് ചന്ദ്രനെ! ഈ ചിത്രമാണ് അദ്ദേഹത്തെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി ഉറപ്പിച്ചത്. തീപ്പൊരി ഡയലോഗുകളും, ആക്ഷന്‍ സീനുകളും ഒരുക്കിയ കഥാപാത്രം 2005-ല്‍ വീണ്ടും പുനരവതരിച്ചിരുന്നു.

ലേലം: ആനക്കാട്ടില്‍ ഈപ്പച്ചന്‍ മകന്‍ ചാക്കോച്ചി. വീണ്ടും ഒരു രണ്‍ജി തിരക്കഥയില്‍ ജോഷിയുടെ മാസ്റ്റര്‍ ക്ലാസ്. 1997-ലാണ് 90-കളിലെ ഏറ്റവും കൂടുതല്‍ വരുമാനം വാരിക്കൂട്ടിയ ചിത്രം എത്തിയത്. എംജി സോമന്റെ അവസാനത്തെ ചിത്രം കൂടിയായിരുന്നു ഇത്.

കളിയാട്ടം: സുരേഷ് ഗോപിയിലെ അസാമാന്യ നടനെ നമുക്ക് മുന്നിലെത്തിച്ച ജയരാജ് ചിത്രം. കണ്ണന്‍ പെരുമലയനായി അദ്ദേഹം വേഷമിട്ടപ്പോള്‍ സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

സമ്മര്‍ ഇന്‍ ബെത്‌ലഹേം: 1998-ലാണ് സിബി മലയിലിന്റെ ഈ സിനിമ തീയേറ്ററിലെത്തുന്നത്. ബെത്‌ലഹേമിലെ ഡെന്നീസിനെ മലയാളികള്‍ ഒരുപാട് സ്‌നേഹിച്ചു. ഗിരീഷ് പുത്തഞ്ചേരി എഴുതിയ വിദ്യാസാഗറിന്റെ ഗാനങ്ങള്‍ ഇപ്പോഴും ഏറെ സ്‌നേഹത്തോടെ നമ്മള്‍ കേള്‍ക്കുന്നവയാണ്.

ഇന്നലെ: ആദ്യം പറയേണ്ട സിനിമ തന്നെയാണ് ഇത്. പത്മരാജന്റെ തൂലികയില്‍ പിറന്ന ചിത്രം. ശോഭനയും, ജയറാമും, ശ്രീവിദ്യയും ചേര്‍ന്ന് മുന്നോട്ട് കൊണ്ടുപോകുന്ന ചിത്രത്തിന്റെ ഒടുവില്‍ മാത്രം എത്തുന്ന കഥാപാത്രം. ഭാര്യയെ കണ്‍മുന്നില്‍ കണ്ടിട്ടും തന്റെ കൈയിലുള്ള തെളിവുകളായ ചിത്രം മറച്ചുവെച്ച് ദുഃഖം കടിച്ചമര്‍ത്തുന്ന കഥാപാത്രത്തെ പഴയ സിനിമ ആയിരുന്നിട്ടും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല.

സിനിമയിലെ കഥാപാത്രങ്ങളെ കണ്ടുകൊണ്ട് മാത്രമാണ് പല താരങ്ങളെയും നമുക്ക് ഇഷ്ടപ്പെടുന്നത്, അല്ലാതെ അവരുടെ വ്യക്തിപരമായ പെരുമാറ്റം കൊണ്ടല്ല. അക്കൂട്ടത്തില്‍ നിന്നും വിഭിന്നനാണ് സുരേഷ് ഗോപി. നാട്യങ്ങളില്ലാതെ ഒരു സാധാരണ മനുഷ്യന്‍. അതുകൊണ്ട് കൂടിയാണ് ഈ മനുഷ്യനെ നമ്മള്‍ ഇഷ്ടപ്പെടുന്നത്.