മക്കള്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒളിഞ്ഞ് നോക്കണോ, അതോ..?

0
323

ഓണ്‍ലൈന്‍ ഗെയിമുകള്‍ ഇന്ന് കുട്ടികളുടെയും, ചെറുപ്പക്കാരുടെയും ഹരമാണ്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിലകുറഞ്ഞും, വേഗതയോടെയും ലഭ്യമായതോടെ കൈയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിറഞ്ഞോടുകയാണ്. എന്നാല്‍ ഇതേക്കുറിച്ച് മാതാപിതാക്കള്‍ക്കുള്ള അജ്ഞത പല കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗിലെ അപകടങ്ങള്‍ മാതാപിതാക്കള്‍ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടതെന്ന് ഇന്റര്‍നെറ്റ് സേഫ്റ്റി ചാരിറ്റി ചൂണ്ടിക്കാണിക്കുന്നു. 18 വയസ്സില്‍ താഴെയുള്ളവര്‍ ഓണ്‍ലൈന്‍ ഗെയിമുകളുടെ ലോകത്തേക്ക് അധികമായി വരുന്ന കാലം കൂടിയാണ് ഇത്. മള്‍ട്ടിപ്ലെയര്‍ ഗെയിമുകളില്‍ പരസ്പരം സംസാരിക്കാനുള്ള അവസരവും ലഭിക്കും.

ടെക്‌നോളജിയെക്കുറിച്ച് വലിയ പരിചയം ഇല്ലാത്ത മാതാപിതാക്കള്‍ ഇക്കാര്യങ്ങളില്‍ അമിത ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുകയും കുട്ടികള്‍ അറിയാതെ പരിശോധന നടത്താനും തുനിയാറുണ്ട്. കുട്ടികള്‍ക്കൊപ്പം ഓണ്‍ലൈന്‍ നടപടിക്രമങ്ങളില്‍ പങ്കാളിയാകുന്നതാണ് ഇതിലും നല്ലതെന്ന് ഇന്റര്‍നെറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുവഴി കുട്ടികള്‍ക്ക് വേണ്ടവിധത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി നയിക്കാന്‍ അവര്‍ക്ക് സാധിക്കും.

പഴയ തലമുറയായതിനാല്‍ ഇതിലൊന്നും ഇടപെടില്ലെന്ന ശാഠ്യം മറന്ന് ഇക്കാര്യങ്ങളില്‍ പരിചയിക്കുകയാണ് അനിവാര്യമെന്ന് ഇന്റര്‍നെറ്റ് മാറ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് കരോളിന്‍ ബണ്ടിംഗ് വ്യക്തമാക്കി. ഗെയിമുകള്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ഒരുങ്ങുമ്പോള്‍ ആ ഒഴുക്കില്‍ മേല്‍നോട്ടം നിര്‍വ്വഹിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം.