കൊറോണയില്‍ ചൈനയ്ക്ക് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി; അഭിമുഖം നല്‍കിയ ഡോക്ടര്‍ ‘അപ്രത്യക്ഷയായി’?

Doctor reported coronavirus goes missing?

0
328

ചൈനയിലെ വുഹാനിലാണ് കൊറോണാവൈറസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇത് സമ്മതിക്കാത്ത ഒരേയൊരു രാജ്യം ചൈന തന്നെയായിരിക്കും. കൊറോണയെ തങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ ശ്രമങ്ങളും മുളയിലേ നുള്ളുന്നതാണ് അവരുടെ രീതി. വൈറസ് പടരുന്നതില്‍ വീഴ്ച പറ്റിയെന്ന് പരാതിപ്പെട്ടവരെല്ലാം ആ നാട്ടില്‍ ഇതിന്റെ പരിണിത ഫലം അനുഭവിക്കുകയും ചെയ്തു.

ഒടുവിലായി കൊറോണാവൈറസ് സംബന്ധിച്ച് തങ്ങള്‍ സൂചനകള്‍ നല്‍കിയപ്പോള്‍ ഭരണകൂടം ഇത് തള്ളിയെന്ന വിവരം അഭിമുഖത്തില്‍ നല്‍കിയ ഡോക്ടറെ കാണാതായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രഭവകേന്ദ്രമായ വുഹാനിലെ സെന്‍ഡ്രല്‍ ഹോസ്പിറ്റല്‍ ഡോക്ടറായ ഡോ. എയ് ഫെന്നിനെയാണ് അഭിമുഖം നല്‍കിയ ശേഷം കാണാതായത്.

സാര്‍സ് കൊറോണാവൈറസെന്ന പേരില്‍ ഒരു രോഗിയുടെ റിപ്പോര്‍ട്ടിന്റെ ചിത്രം പങ്കുവെച്ചതാണ് ഈ ഡോക്ടറെ കുറ്റവാളിയാക്കിയത്. ഇതിന്റെ പേരില്‍ ആശുപത്രിയില്‍ നിന്നും കടുത്ത നിലപാടുകള്‍ നേരിട്ടതായി ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ ഡോക്ടര്‍ പങ്കുവെച്ച സംശയം ചൈനയില്‍ വ്യാപകമായി പ്രചരിക്കുകയും ഇതുസംബന്ധിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഡോ. ലി വെന്‍ലിയാംഗ് ഇത് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തെറ്റായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ച കുറ്റത്തിന് ഡോ ലീയെ പോലീസ് പിടികൂടുകയും പിന്നീട് കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു. ഇപ്പോള്‍ കാണാതായ ഡോക്ടര്‍ എയ് ഫെന്നിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല. ഇവരെ ഭരണകൂടം പിടികൂടി അകത്താക്കിയെന്ന സംശയമാണ് ഉയരുന്നത്.

ഇവരുള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ ആദ്യ ഘട്ടത്തില്‍ നല്‍കിയ സൂചനകള്‍ പരിഗണിക്കാനുള്ള മനോഭാവം പ്രകടമാക്കിയെങ്കില്‍ ലോകം ഇന്ന് നേരിടുന്ന ഈ ദുരവസ്ഥ സംഭവിക്കില്ലായിരുന്നു. അതുകൊണ്ട് കൂടിയാണ് ചൈന മനഃപ്പൂര്‍വ്വം പുറത്തുവിട്ട വൈറസാണ് ലോകത്തെ തകര്‍ക്കുന്നതെന്ന ആരോപണങ്ങള്‍ക്ക് ശക്തിയേറുന്നത്.