സ്മാര്‍ട്ട്ഫോണുകളെയും, കമ്പ്യൂട്ടര്‍ ശൃംഖലകളെയും തകര്‍ക്കുന്ന, ഹാക്ക് ചെയ്യുന്ന പലവിധ സോഫ്റ്റ്വെയറുകളെയും, മാല്‍വെയറുകളെയും കുറിച്ച് നമ്മല് കേട്ടിട്ടുണ്ട്. എന്നാല്‍ വെറുമൊരു ചിത്രം ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളെ നിശ്ചലമാക്കുന്നതാണ് പുതിയ ഭീഷണി.
ഈ വാള്‍പേപ്പര്‍ ആന്‍ഡ്രോയ്ഡ് ഫോണുകളെ സോഫ്റ്റ് ബ്രിക്കിംഗ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയ്ഡ് അധികൃതരും, 9 ടു5 ഗൂഹിളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകടകരമെന്ന് തോന്നാത്ത ഈ വാള്‍പേപ്പര്‍ ഹാന്‍ഡ്സെറ്റുകളെ കൊല്ലുന്നില്ല. പകരം ഒരു ലൂപ്പിലേക്ക് മാറുകയും ലോക്ക് സ്ക്രീന്‍ സ്വിച്ച് തുടര്‍ച്ചയായി ഓണും, ഓഫും ആകുന്നതുമാണ് അവസ്ഥ.
റീബൂട്ട് ചെയ്താലും ഇതില്‍ നിന്നും രക്ഷപ്പെടില്ല. ഇതോടെ സേഫ് മോഡിലേക്ക് മാറി വാള്‍പേപ്പര്‍ ഡിലീറ്റ് ചെയ്യുകയോ, ബൂട്ട്ലോഡര്‍ ഉപയോഗിച്ച് ഡിവൈസ് പൂര്‍ണ്ണമായി റീസെറ്റ് ചെയ്യുകയോ ആണ് പോംവഴി. സ്മാര്‍ട്ട്ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്ന കളര്‍ സ്പേസുകളില്‍ കളിച്ചാണ് വാള്‍പേപ്പര്‍ പണിയൊപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡില്‍ ഉപയോഗിക്കുന്ന എസ്ആര്ജിബിക്ക് പകരം ആര്‍ജിബി കളര്‍ സ്പേസ് ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.
ഗൂഗിള്‍, സാംസംഗ്, നോക്കിയ, ഷിയോമി തുടങ്ങി മിക്ക സ്മാര്‍ട്ട്ഫോണുകളെയും പുതിയ പ്രശ്നം ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് ഇത്തരം വാള്‍പേപ്പര്‍ ശ്രദ്ധയില്‍ പെട്ടാന്‍ ഉടന്‍ ഒഴിവാക്കുക.