ഓണ്‍ലൈന്‍ വ്യാജന്മാരുടെ തലതൊട്ടപ്പനായ തമിഴ്റോക്കേഴ്സ് ഏറ്റവും പുതിയ ആഷിക് അബു ചിത്രം വൈറസിന്റെയും വ്യാജ പതിപ്പ് പുറത്തുവിട്ടു. കേരളത്തെ പിടികൂടിയ നിപ്പ വൈറസിനെയും, അതില്‍ നിന്നുമുള്ള അതിജീവനത്തിന്റെയും കഥ പറഞ്ഞ് കൈയടി നേടുന്നതിനിടെയാണ് വൈറസിന്റെ വ്യാജപതിപ്പ് പുറത്തുവരുന്നത്.
കോഴിക്കോട് കേന്ദ്രമായാണ് നിപ്പ വൈറസ് ബാധ കഴിഞ്ഞ വര്‍ഷം പടര്‍ന്നത്. ചിത്രവും ഈ കഥ തന്നെ പറയുന്നു. വൈറസ് മാരകമായ രീതിയില്‍ പടര്‍ന്നുപിടിക്കാതെ തടഞ്ഞ ചില യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോസിനെക്കുറിച്ചും ചിത്രം പ്രതിപാദിക്കുന്നു. നിപ്പ വൈറസ് മനുഷ്യരുടെ ജീവനെയും, ജീവിതത്തെയും ബാധിച്ചതും ആരോഗ്യ രംഗത്തെ ജീവനക്കാരും, സര്‍ക്കാരും ഇതിനെ നേരിട്ടതുമായ കാര്യങ്ങളും വൈറസില്‍ ഇടംപിടിക്കുന്നു.

മുഹ്സിന് പെരാരി, ഷറഫു, സുഹാസ് എന്നിവരുടെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്, പാര്‍വ്വതി, ആസിഫ് അലി, ടൊവീനോ തോമസ്, റഹ്മാന്, സൗബിന് ഷാഹിര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, രേവതി, റിമാ കല്ലിങ്കല്‍, മഡോണാ സെബാസ്റ്റിയന്, ശ്രീനാഥ് ഭാസി, ജോജു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിപ്പ വൈറസ് ബാധ വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.