സഹീര്‍ ഖാനും, ഡാരണ്‍ ലേമാനും പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് പിന്തുണയുമായി മുന്‍ പാക് പേസ് താരം ഷൊയിബ് അക്തര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന ആവേശത്തെയാണ് അക്തര്‍ പിന്തുണയ്ക്കുന്നത്. ആധുനികമായ മത്സരങ്ങളില്‍ ഈ ചോരത്തിളപ്പ് ആവശ്യമാണെന്നും ഓസ്ട്രേലിയയില്‍ പ്രത്യേകിച്ചും ഇത് വേണമെന്നും പാക് താരം വ്യക്തമാക്കി.
‘ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ് വിരാട്. അക്രമണോത്സുകത മത്സരാധിഷ്ഠിതമായ ക്രിക്കറ്റിന്റെ അവിഭാജ്യഘടകമാണ്. ഓസ്ട്രേലിയയില്‍ പരിധിക്കുള്ളില്‍ ഇത് ആവശ്യമാണ്. വിരാടിന് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം അനുവദിക്കൂ’, അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.
എല്ലാ മത്സരങ്ങളും വിജയിക്കാന്‍ ആഗ്രഹിക്കുന്ന മത്സരങ്ങള്‍ കാണികള്‍ക്ക് ആസ്വാദ്യകരമാക്കുന്ന വ്യത്യസ്തമായ ക്യാരക്ടറാണ് വിരാടിനെന്ന് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരണ്‍ ലേമാനും വിലയിരുത്തി. ഇന്ത്യന്‍ ക്യാപ്റ്റന്റെ കളിക്കളത്തിലെ രീതികളില്‍ യാതൊരു തെറ്റുമില്ലെന്നും ലേമാന് പറയുന്നു.
പെര്‍ത്തില്‍ 146 റണ്ണിന് ഇന്ത്യ തോറ്റ രണ്ടാം ടെസ്റ്റില്‍ പലതവണയാണ് വിരാടും ഓസീസ് ക്യാപ്റ്റന്‍ ടിം പെയിനും ഏറ്റുമുട്ടിയത്.