വീട്ടുജോലിക്ക് ഒരാളെ കിട്ടുകയെന്നത് ഇക്കാലത്ത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരാള്‍ അടുത്ത ആളോട് പറഞ്ഞ്, വീണ്ടും മറ്റൊരാളിലേക്ക് എത്തി ആ അന്വേഷണം അങ്ങനെ നീണ്ടുപോകും. എന്നാല്‍ ഗീതാ കലെ എന്ന വീട്ടുജോലിക്കാരിയെ ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ അറിയും. ഗീതയുടെ വിസിറ്റിംഗ് കാര്‍ഡ് വൈറലായതോടെയാണ് ഇത്.
പൂനെയിലെ ധനശ്രീ ഷിന്‍ഡെയുടെ വീടിന് പുറമെ മറ്റ് ചില വീടുകളിലും ഗീത ജോലി ചെയ്ത് വരികയാണ്. ഇതിനിടെയാണ് ഒരു ജോലി അടുത്തിടെ ഇവര്‍ക്ക് നഷ്ടമായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധനശ്രീ ദുഃഖിതയായി ഇരിക്കുന്ന ഗീതയെ ശ്രദ്ധിച്ചു. കാര്യം ചോദിച്ചപ്പോഴാണ് ഒരു ജോലി പോയതോടെ 4000 രൂപ വരുമാനം കുറയുമെന്ന് ഗീത അറിയിച്ചത്.
ഗീതയെ സഹായിക്കാന്‍ ധനശ്രീ തീരുമാനിച്ചു. തന്റെ ബ്രാന്റിംഗ് കഴിവുകള്‍ പ്രയോജനപ്പെടുത്തി 24 മണിക്കൂര്‍ കൊണ്ട് ഒരു ബിസിനസ്സ് കാര്‍ഡ് ഡിസൈന്‍ ചെയ്ത് 100 എണ്ണം പ്രിന്റ് ചെയ്തു. സൊസൈറ്റി വാച്ച്മാന് കാര്‍ഡ് വിതരണം ചെയ്യാന്‍ സഹായിച്ചു.
ഒരു ചെറിയ സഹായം മണിക്കൂറുകള്‍ കൊണ്ട് വലിയ പ്രതികരണം നേടി. ഇന്റര്‍നെറ്റില്‍ സംഭവം വൈറലായി എന്നത് മാത്രമല്ല, ഗീതയ്ക്ക് ജോലി നല്കാന് നിരവധി പേര് വിളിക്കുന്നു. ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് ഫോണ്‍ എത്തുന്നതായി ഗീത അത്ഭുതത്തോടെ പറയുന്നു.
സംഗതി ഒരു തലേവദനയായി മാറിയിട്ടുണ്ടെങ്കിലും നഷ്ടപ്പെട്ട ജോലി തിരികെ കിട്ടിയ സന്തോഷത്തിലാണ് ഗീത. എന്തായാലും ഇതോടെ പഴയ സിം ഉപേക്ഷിക്കേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്.