കൊച്ചി കായലില്‍ കുറച്ചു സ്ഥലം ബാക്കിയുണ്ട്; അതുകൂടി നികത്തി കാശ് പോക്കറ്റിലിടണം; കൊച്ചിയുടെ ദുരവസ്ഥയില്‍ വിനായകന്റെ മാസ് ഡയലോഗ്

0
256

‘ആദ്യം ആര്‍ക്കോ വേണ്ടി ഒരു മറൈന്‍ ഡ്രൈവ് ഉണ്ടാക്കി, പിന്നെ ഒരു മറൈന്‍ വാക്ക് ഉണ്ടാക്കി ആര്‍ക്കോ വേണ്ടി, ഇന്നാള് ബോള്‍ഗാട്ടിയുടെ മുന്നില്‍ വീണ്ടും നികത്തി, ഇനി കൊച്ചി കായല്‍ കുറച്ചുകൂടിയുണ്ട്, അത് കൂടി നികത്തി തന്നാല്‍ വളരെ സന്തോഷം’, നടന്‍ വിനായകന്റെ മാസ് ഡയലോഗാണ് ഈ പറഞ്ഞുവരുന്നത്. പക്ഷെ ഏതെങ്കിലും സിനിമയിലെ അല്ലെന്ന് മാത്രം. മഴ പെയ്താല്‍ വെള്ളം നിറയുന്ന കൊച്ചിയുടെ അവസ്ഥയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രതികരണം തേടിയപ്പോഴായിരുന്നു വിനായകന്‍ വേദന പങ്കുവെച്ചത്.

‘ഇതൊന്നും നന്നാകാന്‍ പോകുന്നില്ല, ആര്‍ക്കോ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്, ഇവിടെ ടൗണ്‍ പ്ലാനിംഗ് എന്നൊന്ന് ഇല്ലേ? ഒട്ടും വിദ്യാഭ്യാസം ഇല്ലാത്ത എനിക്ക് പോലും ഇത് തോന്നുന്നുണ്ട്, എന്നിട്ട് ഇത്രയേറെ വിദ്യാഭ്യാസമുള്ളവര്‍ എന്ത് ചെയ്യുകയാണ്. ഇവിടുണ്ടായ തോടുകളൊക്കെ എവിടെ പോയെന്ന് ജിസിഡിഎ, കോര്‍പ്പറേഷന്‍ എന്നിവരോടൊക്കെ ചോദിക്കണം’, വിനായകന്‍ ആവശ്യപ്പെട്ടു.

കതൃക്കടവില്‍ വന്നിരുന്ന കടവ് കാണാനില്ല, തോടുകള്‍ ഓടകളായി. പനമ്പിള്ളി നഗറില്‍ നാട്ടുകാര്‍ താമസിച്ചവരൊക്കെ കെട്ടിടങ്ങളുടെ പിന്നില്‍ ചെളിയിലാണ്, പലരും എന്റെ ബന്ധുക്കളാണ്. കട്ടുമുടിച്ച് തീര്‍ക്കുകയാണ് ചെയ്യുന്നത്. കായല്‍ ബാക്കിയുള്ളത് കൂടി നികത്തി കാശും വാങ്ങി വീട്ടില്‍ പോയിരിക്കണം. ഇടതോ വലതോ എന്നല്ല പ്രശ്‌നം.

കാശടിച്ച് മാറ്റുന്നവരുടെ വീട്ടില്‍ ജനം കയറും, അതിലേക്ക് ഇത് എത്തിക്കും. കൊച്ചിയിലെ വെള്ളപ്പൊക്കം കാലങ്ങളായുള്ള കാര്യമാണ്. കായലും, തോടും, കുളവുമൊക്കെ അടിച്ചുമാറ്റി മരടിലെ പോലെ കെട്ടിപ്പൊക്കിയത് കാണണം. കോര്‍പ്പറേഷന്‍ പൂട്ടേണ്ട സമയം കഴിഞ്ഞു, ജിസിഡിഎ എന്ന പേരിലുള്ള കെട്ടിടമൊക്കെ തല്ലിപ്പൊളിച്ച് കളയണം, ഇതൊന്നും ആവശ്യമില്ലാത്ത കാര്യമാണ്.

ഇതെല്ലാം അടിച്ചുമാറ്റലിന്റെ ഭാഗമാണ്, ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. ഇത് കൊച്ചിയുടെ മാത്രം കാര്യമല്ല, കൊച്ചുകേരളത്തിന്റെ അവസ്ഥയാണ്. അടുത്ത തവണയും പ്രളയം ഉണ്ടാകും. ബോധവും വിവരവും ഉണ്ടെന്ന് പറയുന്നവര്‍ ചര്‍ച്ച ചെയ്ത് കൃത്യമായി കാര്യങ്ങള്‍ ചെയ്യണം. മേയര്‍ വിവരക്കേട് വിളിച്ച് പറയുകയാണ്. കൊച്ചിയില്‍ അധികം പേരും വന്ന് താമസിക്കുന്നവരാണ്. ആയിരം പേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഇടത്ത് പതിനായിരം പേരെ താമസിപ്പിക്കരുത്.

ജനം പുറത്തിറങ്ങുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടാണ് വിനായകന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.