കൊറോണവൈറസ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയെങ്കിലും സിനിമാ ലോകത്തിന് ആശ്വസിക്കാന്‍ സമയമായിട്ടില്ല. തീയേറ്ററുകള്‍ തുറക്കാത്തത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഷൂട്ട് പൂര്‍ത്തിയായി റിലീസിന് ഒരുങ്ങിയ പല പടങ്ങളും ഇതോടെ പെട്ടിയില്‍ പെട്ടിരിക്കുകയാണ്. നിബന്ധനകളും, സാമൂഹിക അകലവും പാലിച്ച് തീയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തി തമിഴ്നാട്ടില്‍ സിനിമാ പ്രദര്‍ശനക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്.
പഴയത് പോലെ ആളുകള്‍ തിക്കിത്തിരക്കി സിനിമാ കാണാന്‍ വരില്ലെന്നാണ് ഇവര്‍ പറയുന്ന ന്യായം. എന്നാല്‍ വിജയ് ചിത്രമായ മാസ്റ്റര്‍ റിലീസ് ചെയ്താല്‍ കഥ മാറുമെന്ന അഭിപ്രായവും ശക്തമാണ്. ചെന്നൈയില്‍ ദിവസേന കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ സൂക്ഷിച്ച് മതിയെന്നാണ് വിദഗ്ധാഭിപ്രായം.
മാസ്റ്ററിന്റെ റിലീസ് ഏതാനും മാസം നീട്ടിവെയ്ക്കണമെന്ന് സംവിധായകനും, വിതരണക്കാരനുമായ കേയാര്‍ ആവശ്യപ്പെടുന്നു. വിജയ് പോലൊരു താരത്തിന്റെ ചിത്രം ഈ സമയത്ത് റിലീസ് ചെയ്താല്‍ ആരാധകര്‍ തീയേറ്ററില്‍ നിറയുകയും കൊറോണ കേസുകള്‍ വര്‍ദ്ധിക്കാന്‍ വഴിയൊരുക്കുകയും ചെയ്തേക്കുമെന്ന് കേയാര്‍ മുന്നറിയിപ്പ് നല്കുന്നു.
തീയേറ്ററില്‍ ടിക്കറ്റ് എടുക്കുന്ന കൗണ്ടര്‍ മുതല്‍ ഭക്ഷണശാലയും, ടോയ്ലറ്റും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജനത്തെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമാകില്ല.