വാഹന സ്‌ക്രാപ്പ് പോളിസി പ്രഖ്യാപിച്ചു; സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തില്‍ ഫിറ്റ്‌നസ് ടെസ്റ്റ്; കൊമേഴ്‌സ്യലിന് 15 വര്‍ഷം; ടെസ്റ്റ് പാസാകാന്‍ പാടുപെടും?

Vehicle Scrap Policy announced

0
332

വോളണ്ടറി വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസി പ്രഖ്യാപിച്ച് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. പഴയ, ഫിറ്റല്ലാത്ത വാഹനങ്ങള്‍ പുറംതള്ളുന്നതോടെ മലിനീകരണം നിയന്ത്രിക്കാനും, ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനും വഴിയൊരുക്കും.

പുതിയ സ്‌ക്രാപ്പിംഗ് പോളിസി വരുന്നതോടെ 20 വര്‍ഷത്തിന് ശേഷം സ്വകാര്യ വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം. കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തില്‍ ടെസ്റ്റ് നടത്തേണ്ടി വരും. ‘വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസി വഴി പഴയ, ഫിറ്റല്ലാത്ത വാഹനങ്ങള്‍ പുറംതള്ളാന്‍ പ്രഖ്യാപനം നടത്തുകയാണ്. ഇതുവഴി ഇന്ധനക്ഷമതയുള്ള, പ്രകൃതിസൗഹൃദപരമായ വാഹനങ്ങള്‍ വരാനും, മലിനീകരണം കുറയ്ക്കാനും, ഇന്ധന ഇറക്കുമതി ബില്‍ കുറയ്ക്കാനും സഹായിക്കും’, നിര്‍മ്മല സീതാരാമന്‍ 2021 ബജറ്റില്‍ പ്രഖ്യാപിച്ചു.

ഓട്ടോമേറ്റഡ് സംവിധാനമുള്ള ഫിറ്റ്‌നസ് സെന്ററുകളിലാണ് വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാകേണ്ടത്. സ്‌കീം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ നയം 2022 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി.

ഇലക്ട്രിക്കല്‍ വാഹനങ്ങളിലേക്ക് ചുവടുമാറാനായി 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ സ്‌ക്രാപ്പാക്കി മാറ്റാനുള്ള നിര്‍ദ്ദേശം 2019ല്‍ തന്നെ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു.