സിഎഎ വിരുദ്ധ പ്രതിഷേധങ്ങളില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണത്. 1921-ലെ കഠാരകള്‍ അറബിക്കടലില്‍ എറിയാതെ സൂക്ഷിച്ചിട്ടുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ ചില വിഭാഗങ്ങള്‍ ഉയര്‍ത്തിയത് ആരെ ഓര്‍മ്മിപ്പിക്കാനാണ്? ചോദ്യം കൂടുതല്‍ പ്രസക്തമാകുന്ന കാലഘട്ടമാണിത്. മലബാര്‍ കലാപങ്ങളുടെ നൂറാം വാര്‍ഷികത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ചിലര്‍ ഹീറോയും, ചിലര്‍ വില്ലനുമായി കണക്കാക്കുന്ന ചക്കിപറമ്പന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ച് ആഷിക് അബുവും, പൃഥ്വിരാജും ചേര്‍ന്ന് വാരിയന്കുന്നന് എന്ന സിനിമയൊരുക്കുന്നു. കൂടാതെ മറ്റ് 3 ചലച്ചിത്രങ്ങള്‍ കൂടി ഇതേ ഘട്ടത്തില്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
സിനിമയില്‍ കുഞ്ഞഹമ്മദ് ഹാജിയെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോള്‍ അത് ഒരു വെള്ളപൂശലായി മാറുമെന്ന് സംഘ പ്രസ്ഥാനങ്ങള്‍ ആരോപിക്കുന്നു. ഇടത് സഹയാത്രികന് കൂടിയായ ആഷിക് അബു സംവിധാനം ചെയ്യുമ്പോള്‍ മലബാര്‍ കലാപങ്ങളില്‍ ഹൈന്ദവ വിഭാഗങ്ങള്‍ക്ക് യാതൊരു പ്രതിസന്ധിയും നേരിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കുന്ന അവസ്ഥയും ചിലര്‍ ഭയപ്പെടുന്നു. 1921-ലെ കത്തി ഇപ്പോഴും കൈയിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍ ഇതൊരു അസുലഭ മുഹൂര്‍ത്തമായി മാറ്റുകയും ചെയ്യുന്നു. പക്ഷെ പ്രഖ്യാപനം മാത്രം നടത്തിയ ഒരു സിനിമയെക്കുറിച്ച് ഇത്രയും ചര്‍ച്ചകള്‍ ആവശ്യമാണോ?
വാരിയന്കുന്നന് സ്വാതന്ത്ര്യ സമരസേനാനിയോ?
ചരിത്രത്തിലെ ചില സംഗതികള്‍ അങ്ങിനെയാണ്. അത് എഴുതപ്പെടുന്ന ആളുടെ കാഴ്ചകള്‍ അനുസരിച്ച് സത്യവും, മിഥ്യയും മാറിമറിയും. ബ്രിട്ടീഷ് ഭരണകാലത്ത് അവര്‍ക്കെതിരെ നടന്ന ഒരു വിപ്ലവത്തിന്റെ വീരകഥകള്‍ പാടിപ്പുകഴ്ത്താന്‍ അവസരം ഒരുക്കില്ലെന്നത് കൊണ്ട് തന്നെ അത്തരം കാര്യങ്ങള്‍ പുറത്തുവരാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും അവര്‍ അന്നുതന്നെ പയറ്റിയിരിക്കും.
വാരിയന്‍കുന്നനെ വെടിവെച്ച് കൊന്ന് വധശിക്ഷ നടപ്പാക്കിയ ശേഷം എല്ല് ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തെന്നാണ് ചരിത്രം. ബാക്കിയാക്കിയ കഥകളാകട്ടെ ഹിന്ദുവിനെയും, മുസല്മാനെയും വേര്‍തിരിച്ച് നിര്‍ത്തുന്നതും. 1971-ലാണ് കേരള സര്‍ക്കാര്‍ ഈ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യ സമരസേനാനികളായി അംഗീകരിക്കുന്നത്.
ഇടതുപക്ഷക്കാര്‍ ഇതിനും മുന്‍പ് തന്നെ വാരിയന്‍കുന്നന്റെ വീരകഥകളെ ആഘോഷമാക്കി തുടങ്ങിയിരുന്നു. വലത് സംഘടനകള്‍ ഹൈന്ദവ കൂട്ടക്കൊലയെ ഉയര്‍ത്തുമ്പോള്‍ മറുവാദം ഉയര്‍ത്തി രാഷ്ട്രീയമായി വിനിയോഗിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അത്തരമൊരു ചരിത്രത്തെ ഒരു സിനിമയാക്കി മാറ്റുമ്പോള്‍ എത്രത്തോളം നിഷ്പക്ഷത പുലര്‍ത്തുമെന്നത് വലിയ ചോദ്യമാണ്.

തുര്‍ക്കിയിലെ ‘ഖിലാഫത്ത്’ മലബാറില്‍ ബ്രിട്ടീഷ് സാമ്രാജ്യവിരുദ്ധമായി മാറിയതെങ്ങിനെ?
ഖിലാഫത്ത് പ്രസ്ഥാനം തുര്‍ക്കിയിലെ ഖലീഫയുടെ സ്ഥാനനഷ്ടത്തെത്തുടര്ന്ന് രൂപീകരിക്കപ്പെട്ടതാണ്. ടിപ്പു സുല്‍ത്താന്റെ കൂടി നേതൃത്വം ഇല്ലാതെ വന്നതോടെയാണ് മലബാറില്‍ നികുതി സമ്പ്രദായം ശക്തമാകുന്നതും, താരതമ്യേന മെച്ചപ്പെട്ട ജീവിതം നയിച്ച മുസ്ലീം കര്‍ഷകര്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നതും. ബ്രിട്ടീഷുകാര്‍ക്കെതിരായ മലബാറിലെ വിവിധ കലാപങ്ങള്‍ക്ക് വിത്തുവിതച്ചത് ഈ ദാരിദ്ര്യം തന്നെ.
വര്‍ദ്ധിച്ചുവന്ന ബ്രിട്ടീഷ് അനുകൂല ജന്മിമാരുടെ കൈക്കരുത്ത് അസംതൃപ്തിയുടെ ആഴം വര്‍ദ്ധിപ്പിച്ചു. കുടിയാന്പ്രശ്നങ്ങള് ഏറ്റെടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തയ്യാറായതോടെ ജനകീയ പ്രസ്ഥാനമായി ഖിലാഫത്ത് മാറി. ഈ ഘട്ടത്തില്‍ നിന്നാണ് 1921-ലെ കൂടുതല്‍ സംഘടിതമായ കലാപത്തിലേക്ക് എത്തപ്പെടുന്നത്. ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ടതല്ല, വര്‍ഷങ്ങളായി പുകഞ്ഞ അമര്‍ഷത്തിന് പല കാര്യങ്ങളും തിരികൊളുത്തുകയായിരുന്നുവെന്ന് ചുരുക്കം.
ഗാന്ധിയെ വരെ വെറുപ്പിച്ച കലാപത്തിന്റെ സത്യാവസ്ഥകള്‍?
ഇടത് ചരിത്രകാരന്മാര് ഇത്തരമൊരു കാഴ്ചപ്പാട് പങ്കുവെയ്ക്കുന്നില്ല. മറിച്ച് കുടിയാന്മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ബ്രിട്ടീഷുകാര്‍ക്കും, ജന്മിത്വത്തിനും എതിരെ പോരാടിയെന്നും പറയുന്നു. ഖിലാഫത്ത് രാജ്യം രൂപീകരിക്കപ്പെട്ടപ്പോഴും അതുവരെ നിയന്ത്രണം തെറ്റി കവര്‍ച്ചയും, കൊള്ളിവെപ്പുമായി നടന്ന മാപ്പിള വിഭാഗങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല.
ജന്മിമാരില് അധികവും സവര്‍ണ്ണ ഹിന്ദുക്കളായിരുന്നുവെന്നതിനാല് ഇതിനൊരു ഹിന്ദുവിരുദ്ധ ഛായ വന്നുവെന്നാണ് വാദം. എന്നാല്‍ 1921-ലെ കലാപത്തിന് മുന്‍പും, പിന്നീട് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാര്‍ വധിച്ച ശേഷവും ഏതാനും ആഴ്ചകള്‍ വിവിധ മാപ്പിള സംഘങ്ങള്‍ ഹൈന്ദവരെ അക്രമിച്ചുവെന്നത് ചരിത്രകാരന്മാരും സമ്മതിക്കുന്നു.
ആദ്യകാലത്ത് ഖിലാഫത്ത് പരിശ്രമങ്ങളെയും, മാപ്പിളമാരെയും പിന്തുണച്ച മഹാത്മാ ഗാന്ധി കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ ഭ്രാന്തിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഹിന്ദു, മുസ്ലീം ഐക്യത്തിന് നേരിടുന്ന പരീക്ഷണമാണെന്നും ഗാന്ധി കുറിച്ചു. കൊലപാതകങ്ങളും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, കൊള്ളയും, മറ്റ് നിരവധി ക്രൂരതകളും നടന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ വാക്കുകള്‍. ആനി ബെസന്റും ഈ കാലയളവില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാലം മുന്നോട്ട് പോയപ്പോള്‍, രാഷ്ട്രീയ ഉദ്ദേശത്തോടെ പല കണക്കുകളും പെരുപ്പിച്ച് കാണിക്കുന്നുണ്ടെന്നാണ് ചരിത്രകാരന്മാര് വ്യക്തമാക്കുന്നത്. അപ്പോഴും മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെ അതിക്രമം നടന്നിട്ടില്ലെന്ന് ആരും പൂര്‍ണ്ണമായി പറയുന്നില്ല. എന്നാല്‍ വാരിയന്കുന്നന് സിനിമ പ്രഖ്യാപിച്ചതോടെ പൊട്ടിമുളച്ച ചരിത്രകാരന്മാര് വിരുദ്ധമായ വാദവും കണ്ടെത്തിയിട്ടുണ്ട്!

വാരിയന്‍കുന്നന്റെ കത്തും, നേതൃത്വവും
1921 കാലത്തെ ലഹളയ്ക്കിടയില്‍ വാരിയന്കുന്നന് ദി ഹിന്ദുവിന് എഴുതിയ കത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പൂര്‍ണ്ണമായി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പോലീസും, മാപ്പിള വിമതരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതായത് വാരിയന്‍കുന്നന്റെ നേതൃത്വത്തിന് അപ്പുറത്ത് തീരുമാനങ്ങളെക്കുകയും, അത് നടപ്പാക്കുകയും ചെയ്ത സംഘങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തന്നെയാണ്. ഇവരുടെ അക്രമം നേരിട്ട എല്ലാവരെയും വാരിയന്കുന്നന് സഹായിക്കാനും സാധിച്ചിരിക്കില്ല.
മേഖലകള്‍ തിരിഞ്ഞ് പല നേതൃത്വങ്ങളാണ് കലാപത്തിന് ഉണ്ടായിരുന്നത്. ഇതില്‍ മുഖ്യനേതാവായി വാരിയന്‍കുന്നനെ ബ്രിട്ടീഷുകാര്‍ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 21 പേര്‍ക്കൊപ്പം വാരിയന്‍കുന്നനെ പിടികൂടിയ ശേഷവും കലാപങ്ങള്‍ അവസാനിച്ചില്ല. സംഘങ്ങള്‍ ആഴ്ചകളോളം തങ്ങളുടെ അക്രമങ്ങള്‍ തുടരുകയും ചെയ്തു. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന് പ്രഖ്യാപിച്ച വാരിയന്‍കുന്നന്റെ നിലപാട് അവര്‍ക്ക് ഉണ്ടായിരിക്കാനും ഇടയില്ല.
വാരിയന്‍കുന്നനെ ‘തെരഞ്ഞെടുത്ത’ രാഷ്ട്രീയം!
വാരിയന്കുന്നന് വാളെടുത്ത നേതാവാണെന്നതില്‍ സംശയമില്ല. എന്നാല്‍ സാധാരണ ഹിന്ദുക്കള്‍ക്ക് അനുകൂലമായി പല പ്രഖ്യാപനങ്ങളും ഇദ്ദേഹം നടത്തുകയും ചെയ്തിട്ടുണ്ട്. കലാപത്തിന്റെ ഭാഗമായി നിരവധി ക്രൂരതകള്‍ അരങ്ങേറിയിട്ടുണ്ട്. ആഷിക് അബുവും, പൃഥ്വിരാജും ചേര്‍ന്ന് ‘വാരിയന്കുന്നന്’ ഒരുക്കുമ്പോള്‍ ഈ ന്യായങ്ങളെ ഏതുവിധത്തില്‍ നിരത്തുമെന്നത് ശ്രദ്ധേയമാണ്. ഇടതുപക്ഷക്കാരനായ ആഷിക് ആവിഷ്കാര സ്വാതന്ത്ര്യം എടുക്കുമ്പോള്‍ സ്വാഭാവികമായും ഇടത് ചരിത്രകാരന്മാരുടെ പക്ഷം പിടിക്കും. അങ്ങിനെ വരുമ്പോള്‍ മറുഭാഗത്ത് മുറിവേറ്റവര്‍ തീരെയില്ലെന്ന് പറയാനുള്ള സാധ്യത ഏറെയാണ്.

അതുകൊണ്ട് ആഷിക് അബുവിന്റെ വാരിയന്‍കുന്നനെ ആ വിധത്തില്‍ കാണുകയും, സ്വന്തം നിലപാടുകള്‍ക്ക് അനുകൂലമായ സിനിമ കണ്ട് തൃപ്തിയടയുകയും ചെയ്യുകയാണ് പ്രേക്ഷകന് മുന്നിലുള്ള ജോലി. കൊറോണ പ്രശ്നങ്ങള്‍ അലട്ടിയില്ലെങ്കില്‍ അടുത്ത സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ചിത്രം തീയേറ്റര്‍ പിടിക്കുക. മതേതരത്വം പറഞ്ഞാലും, വര്‍ഗ്ഗീയത പറഞ്ഞാലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മതവും, ജാതിയും തന്നെയാണ് പ്രധാന ആയുധങ്ങള്‍. തെരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരമൊരു സിനിമയുടെ പേരില്‍ അഭിപ്രായഭിന്നത രൂപീകരിക്കുന്നതില്‍ വിജയിച്ചാല്‍ പകുതി പണികഴിഞ്ഞെന്ന് ഉറപ്പിക്കാം.
സ്വാഭാവികമായും ഇടത് പാര്‍ട്ടികളും, വലത് പാര്‍ട്ടികളും മതം പ്രധാന ചര്‍ച്ചാവിഷയമാക്കിയാല്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കാമെന്ന രാഷ്ട്രീയ നിലപാടും ഇതിനകത്ത് കാണാം. മുസ്ലീം ലീഗിന്റെ വോട്ടും കോട്ടയും വാരിയന്‍കുന്നനെ വെച്ച് പൊളിക്കാമെന്ന ഇടത് ചിന്തയും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടത് തന്നെ. അതുകൊണ്ട് നാട്ടുകാര്‍ തമ്മിലടിച്ച് സമയം കളയാതെ കൊറോണ പോരാട്ടത്തില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. വാരിയന്‍ കുന്നന് വരികയും, പോകുകയും ചെയ്യട്ടെ!