ഞെട്ടിയോ, ഞങ്ങളും ഞെട്ടി. വറുത്ത് വറുത്ത് ഒടുവില്‍ വിഷമായി മാറുന്ന ആ എണ്ണ ഉപയോഗിച്ച് വിമാനം പറക്കുകയോ, കാലം പോകുന്ന ഒരു പോക്കേ! വഴിയരികില്‍ വിവിധ തരം ബജികളും, സമോസയും ഒക്കെ വറുത്തെടുക്കുന്ന എണ്ണ ആസിഡായി മാറുകയും തീര്‍ത്തും ദോഷകരമായ രീതിയില്‍ ഉപേക്ഷിക്കുകയുമാണ് പതിവ്.
ഉപയോഗശൂന്യമായ ഈ പാചക എണ്ണകള്‍ പ്രകൃതിക്ക് ഇണങ്ങിയ ഇന്ധനമായാണ് മാറ്റുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ഉദ്യമത്തിന് റൂക്കോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്, അതായത് റീപര്‍പ്പസ് യൂസ്ഡ് കുക്കിംഗ് ഓയില്‍. 2018 ആഗസ്റ്റില്‍ എഫ്എസ്എസ്എഐയും, ബയോഡീസല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്.

ഉപയോഗിച്ച എണ്ണകള്‍ സ്വരൂപിച്ച് ബയോഡീസലായി മാറ്റുകയാണ് ഇവര്‍ ചെയ്യുക. അതായത് ഉപയോഗശൂന്യമായ എണ്ണ ബയോഡീസലാക്കി മാറ്റി വേണമെങ്കില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി തന്നെ കുറയ്ക്കാമെന്ന് അര്‍ത്ഥം. ഇതിന് പുറമെ കാര്‍ബണ്‍ പുറംതള്ളലും കുറച്ച് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാം.
ഇതിനായി 64 കമ്പനികളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം. ഉപയോഗിച്ച എണ്ണ വലിയ റെസ്റ്റൊറന്റുകള്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്നുണ്ട്. ഇവരും ഉപയോഗിച്ച ശേഷമാണ് ഉപയോഗശൂന്യമായി ഇവ ഉപേക്ഷിക്കുന്നത്. ഇവരെ ബോധവത്കരിച്ച് ഈ എണ്ണ വാങ്ങിയാണ് എഫ്എസ്എസ്എഐ പദ്ധതി നടപ്പാക്കുന്നത്. ഉപയോഗശൂന്യമായ എണ്ണയില്‍ നിര്‍മ്മിക്കുന്ന പലഹാരങ്ങള്‍ കഴിച്ചാല്‍ രക്താതിസമ്മര്‍ദം, ക്യാന്‍സര്‍, അല്‍ഷിമേഴ്സ്, കരള്‍ രോഗങ്ങള്‍ മുതല്‍ ചീത്ത കൊളസ്ട്രോള്‍ വരെ ഉണ്ടാകും.