എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരസ്യവാചകം മോദിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ കോപ്പിയടിയോ?

Urappanu LDF, doesn't it look familiar!

0
243

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം പലപ്പോളും ഉയര്‍ത്തുന്ന ആരോപണമുണ്ട്. കടുത്ത എതിരാളിയായ ബിജെപിയുടെ നേതാവും, പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ പിണറായി കോപ്പിയടിക്കുന്നുവെന്നാണ് ആ പരാതി. ഏകാധിപത്യ നിലപാടുകള്‍ സ്വീകരിക്കുമ്പോഴാണ് പൊതുവെ ആ ആരോപണം ഉയര്‍ന്ന് കേള്‍ക്കാറുള്ളത്.

എന്നാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതിന് പിന്നാലെ വീണ്ടും അത്തരമൊരു ആരോപണം ഉയരുകയാണ്. കോണ്‍ഗ്രസിനും, ബിജെപിക്കും ഒരു മുഴം മുന്‍പെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാക്യമാണ് ഈ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്.

‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇടതുമുന്നണി ഇറക്കിയിട്ടുള്ള വാചകം. കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് പരസ്യകമ്പനികളെ ഇറക്കി തെരഞ്ഞെടുപ്പ് വാക്യങ്ങള്‍ രചിച്ച് മുന്നണികള്‍ പോരാട്ടം നടത്തിയത്. അന്ന് ‘എല്ലാം ശരിയാക്കും’ എന്ന് പറഞ്ഞെത്തിയ പിണറായിയും സംഘവും ഇക്കുറി വീണ്ടുമൊരു തെരഞ്ഞെടുപ്പ് വിജയം സ്വപ്‌നം കാണുകയാണ്.

പക്ഷെ എതിരാളികളെ കടന്നാക്രമിച്ചോ, വെല്ലുവിളിച്ചോ അല്ല ഭരണത്തുടര്‍ച്ചയ്ക്കായി ഇടതുമുന്നണി നീക്കം നടത്തുന്നത്. അതിനായി റേഷന്‍ കിറ്റ് മുതല്‍ ആരോപണങ്ങള്‍ ഏറ്റുവാങ്ങിയ ലൈഫ് മിഷന്‍ വരെയുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിന്റെയെല്ലാം ബലത്തില്‍ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യം അവര്‍ ഉയര്‍ത്തുന്നു.

എന്നാല്‍ പിണറായി വിജയനും സംഘവും പറയുന്ന ഈ മുദ്രാവാക്യത്തിന് 2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ഉയര്‍ത്തിയ മുദ്രാവാക്യവുമായി സാമ്യമില്ലേയെന്നാണ് ഉയരുന്ന ചോദ്യം. ‘മോദി ഹേ തോ മുമ്കിന്‍ ഹേ’ അഥവാ മോദിയുണ്ടെങ്കില്‍ എല്ലാം സാധ്യം എന്നതായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. ഇപ്പോള്‍ എല്‍ഡിഎഫ് ഉണ്ടെങ്കില്‍ എല്ലാം ഉറപ്പാണെന്ന് പറയുമ്പോഴും മോദിയുടെ മുദ്രാവാക്യത്തില്‍ നിന്നും ഏറെ അകലെയല്ലെന്ന് വ്യക്തമാകും.

പ്രത്യേകിച്ച് മോദി ഭരണത്തുടര്‍ച്ചയ്ക്കായാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. പിണറായിയുടെ എല്‍ഡിഎഫ് ഇതിന് പാര്‍പ്പിടം ഉറപ്പാണ്, പെന്‍ഷന്‍ ഉറപ്പാണ് തുടങ്ങിയ വിപുലീകരണങ്ങളും ഇതോടൊപ്പം എത്തിച്ച് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ മോദിയെ കോപ്പിയടിച്ച് ഒരു ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന എല്‍ഡിഎഫിനെ കുറ്റംപറയാന്‍ കഴിയില്ല.