എ ഗ്രൂപ്പ്, ഒ ഗ്രൂപ്പ്… പറഞ്ഞുവരുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ചല്ല മനുഷ്യന്റെ രക്തഗ്രൂപ്പുകളെക്കുറിച്ചാണ്. കൊറോണാവൈറസ് പടരുന്ന സാഹചര്യത്തില്‍ പലവിധ പഠനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വ്യത്യസ്തമായൊരു പഠനം നടന്നു. ഏത് രക്തഗ്രൂപ്പുകാരെയാണ് കൊറോണാവൈറസ് പ്രധാനമായും പിടികൂടുന്നത്?
ആ അന്വേഷണത്തിന് ചൈനീസ് ഗവേഷകര്‍ക്ക് ഉത്തരവും ലഭിച്ചു. ‘ഒ’ രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് ഇന്ഫെക്ഷന് കൂടുതലായി പിടിപെടുന്നത് ‘എ’ രക്തഗ്രൂപ്പുകാര്ക്കാണെന്നാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നടന്ന പഠനം കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ മറ്റൊരു ഞെട്ടിക്കുന്ന വിവരവും അവര്‍ പങ്കുവെയ്ക്കുന്നുണ്ട്.

എ രക്തഗ്രൂപ്പുകാര്‍ കൊവിഡ്-19 ബാധിച്ച് മരണമടയാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനം വ്യക്തമാക്കി. സാമാന്യ ജനസംഖ്യയില്‍ ഒ രക്തഗ്രൂപ്പുകാരാണ് അധികം. എ ഗ്രൂപ്പ് ഇതിലും കുറവാണ്. എന്നാല്‍ കൊറോണാ രോഗികളില്‍ ഒ ഗ്രൂപ്പുകാര്‍ കേവലം 25 ശതമാനവും, എ ഗ്രൂപ്പുകാര്‍ 41 ശതമാനവുമാണെന്നതാണ് വസ്തുത.
ഹുബെയ് പ്രവിശ്യയിലെ മൂന്ന് ആശുപത്രികളില്‍ ഇന്ഫെക്ഷന് ബാധിച്ചെത്തിയ രോഗികളുടെ വിവരങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. രക്തഗ്രൂപ്പുമായി വൈറസിന് പ്രത്യേകിച്ച് ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമാകാന്‍ കൂടുതല്‍ പഠനം ആവശ്യമാണ്. ലോകത്ത് 2 ലക്ഷം പേരിലേക്ക് വ്യാപിച്ച കൊറോണാവൈറസ് 7800-ഓളം പേരുടെ മരണത്തിനാണ് ഇടയാക്കിയത്.
എന്തായാലും എ ഗ്രൂപ്പുകാര്‍ കൂടുതല്‍ ജാഗ്രത വൈറസിനെതിരെ പുലര്‍ത്തണമെന്നാണ് സ്റ്റേറ്റ് കീ ലാബിലെ ഗവേഷകര്‍ ആവശ്യപ്പെടുന്നത്.