ട്വിറ്ററിനെ വിട്ട് ട്വീറ്റന്‍മാര്‍ പുതിയ മേച്ചില്‍പ്പുറത്തേക്ക്; എന്താണ് ഈ മാസ്റ്റോഡോണ്‍?

0
247

ട്വിറ്ററിനെ ഉപേക്ഷിച്ച് നിരവധി ഉപയോക്താക്കള്‍ പുതിയ ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം മാസ്‌റ്റോഡോണിലേക്ക് ചേക്കേറുകയാണ്. മൈക്രോ ബ്ലോഗിംഗ് സൈറ്റിന്റെ നയങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഈ കൂട്ടക്കുടിയേറ്റം. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുന്നതും, വേരിഫിക്കേഷനും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്വിറ്ററില്‍ നിന്നും ആളുകളുടെ കൊഴിഞ്ഞ് പോക്ക് രൂക്ഷമാണ്. ജനാധിപത്യപരമല്ല കാര്യങ്ങളെന്നാണ് ആരോപണം. സുപ്രീംകോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയുടെ ട്വിറ്റര്‍ അക്കൗണ്ട് വിദ്വേഷം പരത്തുന്നുവെന്ന് ആരോപിച്ച് രണ്ടുവട്ടം സസ്‌പെന്‍ഡ് ചെയ്തതാണ് ഒരു പ്രശ്‌നം.

ഇതിന് പുറമെ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് എതിരെയും ട്വിറ്റര്‍ ജാതിപരമായ വേര്‍തിരിവ് കാണിക്കുന്നുവെന്ന് നിരവധി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. പലപ്പോഴും കാരണങ്ങള്‍ ഇല്ലാതെ ഇത്തരം സസ്‌പെന്‍ഷനുകള്‍ നടക്കുന്നു. എന്നാല്‍ നിലപാടുകളുടെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ പക്ഷപാതം പുലര്‍ത്തുന്നില്ലെന്ന് ട്വിറ്റര്‍ പ്രതികരിക്കുന്നു.

വിവാദങ്ങളുടെ ഫലമായി ട്വിറ്ററിന്റെ ഇന്ത്യന്‍ ഉപയോക്താക്കള്‍ സൗജന്യ സേവനമാണ് മാസ്‌റ്റോഡോണിലേക്ക് മാറുകയാണ്. കമ്പനിയുടെ നിയന്ത്രണം ഇല്ലാതെ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടെ 2.2 മില്ല്യണ്‍ ഉപയോക്താക്കളെ പുതുതായി ലഭിച്ചെന്ന് മാസ്റ്റോഡോണ്‍ അവകാശപ്പെട്ടു.

മാസ്റ്റോഡോണ്‍ ഓപ്പണ്‍ സോഴ്‌സില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് സ്വന്തം സെര്‍വ്വറില്‍ ഇടം സൃഷ്ടിക്കാം. ഇമെയില്‍, യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ മാത്രമാണ് ആവശ്യം. 500 ക്യാരക്ടര്‍ പരിധിയുമുണ്ട്.