ട്രെയിന്‍ അപകടത്തില്‍ മരിച്ചെന്ന് കരുതി; ഒരു വര്‍ഷത്തിന് ശേഷം അന്വേഷണത്തില്‍ പൊങ്ങിയത് 2 സ്ത്രീകളുടെ ഇടപെടല്‍; ലക്ഷങ്ങളുടെ കൈമാറ്റവും?

Train accident turns suspicious!

0
407

ട്രെയിന്‍ ഇടിച്ച് മരിച്ചെന്ന് കരുതിയ യുവാവിന്റെ മരണം അത്ര നിസ്സാരമല്ലെന്ന് കണ്ടെത്തി ക്രൈം ബ്രാഞ്ച് അന്വേഷണം. ഒരു വര്‍ഷം മുന്‍പ് കോഴിക്കോടിന് സമീപം വെച്ചുണ്ടായ അപകടത്തിലാണ് ജംഷെദ് മരിച്ചത്. എന്നാല്‍ ക്രൈം ബ്രാഞ്ച് ഒരു വര്‍ഷത്തിന് ഇപ്പുറം കണ്ടെത്തിയ തെളിവുകള്‍ അനുസരിച്ച് ഇതൊരു വെറും മരണമല്ലെന്നാണ് സംശയം ഉയരുന്നത്. മരണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പങ്കുണ്ടെന്നും കണ്ടെത്തി.

2019 ആഗസ്റ്റ് 29നാണ് 32-കാരനായ ജംഷെദിനെ രാത്രിയില്‍ റെയില്‍വെ ട്രാക്കില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പൂക്കാട് റെയില്‍വെ ഗേറ്റീന് സമീപമായിരുന്നു ഇത്. ജംഷെദിന്റെ വീട് ഇവിടെ നിന്നും 31 കിലോമീറ്റര്‍ അകലെ കോഴിക്കോട് ഫറൂഖിലാണ്. 2019-ല്‍ പോലീസ് കേസ് അന്വേഷിച്ചപ്പോള്‍ ആത്മഹത്യയാണെന്നാണ് സംശയിച്ചത്. ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചെന്ന് എഴുതി കേസും അവസാനിപ്പിച്ചു.

സത്യം തേടി ഉമ്മ

2020-ല്‍ ക്രൈം ബ്രാഞ്ച് ഈ കേസ് പുനരന്വേഷിച്ചപ്പോള്‍ കഥ മാറി. പയ്യോളി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസന്‍ കേസ് ഏറ്റെടുത്തു. ജംഷെദിന്റെ ഉമ്മ മുഖ്യമന്ത്രിക്കും, ഡിജിപിക്കും നല്‍കിയ പരാതിയാണ് ക്രൈം ബ്രാഞ്ചിനെ കേസ് ഏല്‍പ്പിക്കാന്‍ കാരണമായത്. 15 ലക്ഷം രൂപ രണ്ട് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് ജംഷെദ് കൈമാറിയ വിവരമാണ് ഉമ്മ പരാതിക്കൊപ്പം അറിയിച്ചത്.

ആരാണ് ആ രണ്ട് സ്ത്രീകള്‍?

ജംഷെദിന്റെ മരണത്തിന് മുന്‍പ് ഈ രണ്ട് സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിലും, ലോക്കല്‍ സ്‌റ്റോറിലും അല്ലറചില്ലറ ജോലി ചെയ്ത യുവാവിന് ഇത്രയും രൂപ കൈകാര്യം ചെയ്യാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല.

ജംഷെദിന്റെ ഫോണ്‍ കോളുകളും, അക്കൗണ്ട് വിവരങ്ങളും പണത്തിന്റെ കൈമാറ്റം വ്യക്തമാക്കുന്നു. വലിയ തുക എങ്ങിനെ കൈയില്‍ വന്നുവെന്നും, പ്രൊഫഷണല്‍ ബന്ധമില്ലാത്ത സ്ത്രീകള്‍ക്ക് തുക കൈമാറിയത് എന്തിനെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംശയത്തിന്റെ നിഴലിലുള്ള സ്ത്രീകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.