ഒരു പേരില്‍ എന്തിരിക്കുന്നു? ഈ ചോദ്യം പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ പേരിലും ചില കാര്യങ്ങളുണ്ടെന്ന് പലരും പലവട്ടം തെളിയിച്ചതുമാണ്. ന്യൂമറോളജി നോക്കി പേരില്‍ അക്ഷരങ്ങള്‍ കൂട്ടുന്നതും കുറയ്ക്കുന്നതും മുതല്‍ ചിലര്‍ പേര് മാറ്റി വരെ പരീക്ഷിക്കാറുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ സ്വന്തം നിലയില്‍ വളര്‍ന്ന സുരക്ഷിത താവളങ്ങളില്ലാത്ത ഏതാനും ചെറുപ്പക്കാരുടെ പേരില്‍ അവരുടെ ‘വിജയം’ കുറിയ്ക്കാന്‍ ഇടയാക്കിയ ഒരു സാമ്യമുണ്ട്.
ടൊവീനോ തോമസ്, ജയസൂര്യ, നിവിന്‍ പോളി എന്നിവരാണ് ആ മൂന്ന് പേരുകാര്‍. തലതൊട്ടപ്പന്മാരില്ലാതെ, സിനിമാ കുടുംബങ്ങള്‍ക്ക് പുറത്ത് നിന്നും വന്നവര്‍. ഇവരെ മലയാള സിനിമാ പ്രേക്ഷകര്‍ സ്വന്തം കുടുംബാംഗങ്ങളായി സ്വീകരിച്ച് കഴിഞ്ഞു. സൂപ്പര്‍താരങ്ങളുടെയും, താരപുത്രന്മാരുടെയും പിന്നിലല്ല, ഒപ്പത്തിനൊപ്പം നിന്നാണ് ഇവരുടെ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത്. ആ സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ ഏറെ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ടൊവീനോ, ജയസൂര്യ, നിവിന്‍… ഈ മൂന്ന് താരങ്ങളുടെയും പേരുകളില്‍ ഒരു സാമ്യമുണ്ട്. എന്താണെന്ന് പറയാമോ? അല്‍പ്പം ശ്രദ്ധിച്ച് നോക്കിയാല്‍ അത് മനസ്സിലാക്കാം. ‘വിജയത്തിന്റെ’ കാര്യത്തില്‍ മൂവരും മുന്നിലാണ്. ഇവരുടെ പേരുകളില്‍ അറിയാതെ തന്നെ വിജയം പതിഞ്ഞിട്ടുമുണ്ട്. ടൊവീനോയിലും, നിവിനിലും ഒരു ‘വിന്’ ഇടംപിടിച്ചപ്പോള്‍, ജയസൂര്യയില്‍ ‘ജയം’ തെളിഞ്ഞങ്ങനെ നില്‍ക്കുകയാണ്.
കേവലം പേരിലെ ‘ജയം’ കൊണ്ടല്ല ഇവര്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്. അര്‍പ്പണബോധത്തോടെയുള്ള പരിശ്രമങ്ങള്‍ തന്നെയാണ് ഈ പ്രിയതാരങ്ങളെ വാര്‍ത്തെടുത്തത്. 2012-ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ടൊവീനോ തോമസിന് ഇന്ന് ജനം കല്പ്പിച്ചു നല്കിയ താരപരിവേഷം ഒരുപാട് മുകളിലാണ്.
മലര്‍വാടി ആര്‍ട്സ് ക്ലബിലെ ദിനേശനായി എത്തിയ നിവിന്‍ പോളിയെ നമ്മള് ഇപ്പോഴും മറന്നിട്ടില്ല. മിമിക്രി രംഗത്ത് നിന്നും താന്‍ ആഗ്രഹിച്ച സിനിമാ ലോകത്തേക്ക് എത്തിപ്പെട്ട ജയസൂര്യയുടെ തുടക്കവും ഒട്ടും എളുപ്പത്തിലായിരുന്നില്ല. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപയ്യനിലൂടെ രംഗപ്രവേശം ചെയ്ത ജയസൂര്യ പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളായി മാറുന്നത് കണ്ട് ജനം അക്ഷരാര്‍ത്ഥത്തില്‍ അമ്പരക്കുകയും ചെയ്തു. പേരിലെ ആ വിജയം ഇവര്‍ക്ക് ശരിക്കും ഗുണം ചെയ്തത് തന്നെയാണോ, ആര്‍ക്കറിയാം!