കുടുംബത്തില്‍ പുതിയ അംഗങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര് പാകം ചെയ്ത തക്കാളി കഴിക്കുന്നത് ഗുണകരമെന്ന് ഗവേഷകര്‍. ദിവസേന കുഴമ്പ് രൂപത്തിലാക്കിയ തക്കാളി രണ്ട് ടേബിള്‍ സ്പൂണിന് സമാനമായ അളവില്‍ ഉപയോഗിച്ചാല്‍ ബീജത്തിന്റെ ഗുണമേന്മ വര്‍ദ്ധിക്കുമെന്നാണ് പഠനം കണ്ടെത്തിയത്.
തക്കാളിയ്ക്ക് ചുവന്ന നിറം നല്കുന്ന ഐസോപീനാണ് ഇതില്‍ പ്രധാന ഘടകം. ഈ കെമിക്കല്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് പുറമെ പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറും കുറയ്ക്കുമെന്നാണ് കരുതുന്നത്.
ഈ ഐസോപീന്‍ മരുന്ന് രൂപത്തിലാക്കി പുരുഷന്മാര്ക്ക് രണ്ട് നേരം കഴിക്കാന്‍ നല്‍കിയാണ് ഗവേഷണം നടത്തിയത്. മൂന്ന് മാസത്തിന് ശേഷം ബീജങ്ങള്‍ വേഗത്തില്‍ നീന്തുന്നതായി കണ്ടെത്തി. അഞ്ച് തക്കാളി പാകം ചെയ്ത് കഴിക്കുന്നതിന് സമാനമായ ഐസോപീനാണ് മരുന്നില്‍ ഇവര്‍ ഉള്‍പ്പെടുത്തിയത്.
ബീജങ്ങളുടെ നീന്താനുള്ള കഴിവും, രൂപവും, വലുപ്പവും മെച്ചപ്പെടുമെന്നതിനാല്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സാധിക്കുമെന്ന് ഷെഫീല്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.