ആഗ്രഹമില്ലാത്ത സമയത്ത് ലൈംഗികബന്ധത്തിന് ശ്രമിക്കുക, അത് ഭര്‍ത്താവായാലും, ഭാര്യ ആണെങ്കിലും ബുദ്ധിമുട്ടുള്ള കാര്യം തന്നെ. ഭര്‍ത്താവിന് ഇത് നിഷേധിക്കാന്‍ അവകാശമുള്ളപ്പോള്‍ ഭാര്യമാര്‍ അക്ഷരാര്‍ത്ഥത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാവുകയാണ്. ഇഷ്ടമില്ലെങ്കില്‍ പോലും ഭര്‍ത്താവിന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വരുന്നത് പീഡനം തന്നെ. പലയിടത്തും ഇത് ബലാത്സംഗമായി മാറുമ്പോഴും, മിണ്ടാതെ പരാതിപ്പെടാതെ സഹിക്കേണ്ട ബാധ്യത ഭാര്യക്ക് മാത്രമായി മാറുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പ്
ലൈംഗിക പീഡനം, പരസ്പരം അനുമതിയില്ലാതെ സ്ത്രീയുമായി നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. എന്നാല്‍ 375-ാം വകുപ്പിലെ ഒരു ഇളവ് പുരുഷന്മാര്ക്ക് ഭാര്യയെ ലൈംഗിക പീഡനത്തിന് ഇപയാക്കാന് മൗനാനുവാദം നല്കുന്നു. 15 വയസ്സിന് മുകളിലുള്ള ഭാര്യയും, ഭര്‍ത്താവും തമ്മില്‍ ഇഷ്ടമില്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും ഇത് പീഡനത്തില്‍ വരില്ലെന്നാണ് ഇളവ് വ്യക്തമാക്കിയത്. വിവാഹിതരായാല്‍ ഭര്‍ത്താവിന് വഴങ്ങണമെന്ന് നിയമം പറയുമ്പോള്‍ ഇവരുടെ പീഡനം മിണ്ടാതെ സഹിക്കുക മാത്രമാണ് മാര്‍ഗ്ഗം.
ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും അനുവാദമില്ലാതെയുള്ള ലൈംഗിക ബന്ധത്തില്‍ നിന്നും സ്ത്രീക്കും പുരുഷനും സംരക്ഷണം നല്‍കുമ്പോഴാണ് വിവാഹിത ബലാത്സംഗം ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമല്ലാതെ തുടരുന്നത്. 36 രാജ്യങ്ങളിലാണ് ഈ രീതി ബാക്കിനില്‍ക്കുന്നത്. അടുത്തിടെ സുപ്രീംകോടതി 15 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള ഭാര്യമാര്‍ക്ക് അനുവാദം ചോദിക്കാതെയുള്ള ഭര്‍ത്താവിന്റെ ലൈംഗികതയില്‍ നിന്നും സുരക്ഷ ലഭ്യമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ സുപ്രീംകോടതി മുതല്‍ ഹൈക്കോടതികള്‍ വരെ പരിഗണിക്കുന്നു.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 നല്കുന്ന ഈ അവകാശം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ലഭിക്കാതെ പോകുന്നത് എങ്ങിനെയെന്നതാണ് പ്രധാന ചോദ്യം. ഭര്‍ത്താവ് ബലാത്സംഗം ചെയ്യുമ്പോള്‍ സ്ത്രീക്ക് സുരക്ഷ നല്കാന് ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കെല്‍പ്പില്ലെന്നത് ചോദ്യം ചെയ്യേണ്ട വസ്തുത തന്നെയാണ്. ഭര്‍ത്താവിനെ നിഴലിലാണ് ഭാര്യയെന്നത് മാറി ഇരുവരും രണ്ട് വ്യക്തികളാണെന്ന് സമൂഹം കല്പ്പിക്കുമ്പോള് നിയമം ഈ സ്വാതന്ത്ര്യത്തിന് അനുകൂല നിലപാട് സ്വീകരിക്കണം.
ഭാര്യയുടെ ഇഷ്ടമില്ലാതെ അവരുടെ ശരീരത്തില്‍ തൊടാന്‍ പോലും ഭര്‍ത്താവിന് അനുമതി നല്കാന് പാടില്ലെന്നിരിക്കെ അവരെ ലൈംഗിക ബന്ധത്തിന് അനുമതി കൂടാതെ ഉപയോഗിക്കുന്ന ബലാത്സംഗ മനസ്സുകള്‍ വരുംദിനങ്ങളില്‍ മാറാതെ തരമില്ല.