ടിക് ടോക് ഇല്ലാതെ ജീവിക്കുന്നത് പലര്‍ക്കും അസഹനീയമായ കാര്യമായി മാറിക്കഴിഞ്ഞു. സ്മാര്‍ട്ട്ഫോണ്‍ കൈയിലുണ്ടെങ്കില്‍ ടിക് ടോക്ക് നിര്‍ബന്ധമാണെന്ന അവസ്ഥയ്ക്കാണ് കഴിഞ്ഞ ദിവസത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിലക്കോടെ പിടിവീണത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോകിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.
ഇന്ത്യയിലെ വിലക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള കമ്പനിയുടെ നീക്കങ്ങള്‍ക്ക് വിലങ്ങുതടിയാകും. ചൈനയുമായുള്ള ഇന്ത്യയുടെ പിണക്കമാണ് ടിക് ടോക്കിനും പണിയായത്. ഇന്ത്യയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കും ആപ്പുകള്‍ക്കും എതിരായ രോഷവും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിലക്ക് ചൈനീസ് ആപ്പുകള്‍ക്കും, കമ്പനികള്‍ക്കുമുള്ള സര്‍ക്കാരിന്റെ സന്ദേശമായാണ് ഡിജിറ്റല്‍ റൈറ്റ്സ് വിദഗ്ധര്‍ കരുതുന്നത്.
ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യാ ഗവണ്മെന്റ് വിലക്കിയത്. ഇന്ത്യയുടെ സുരക്ഷയ്ക്കും, പരമാധികാരത്തിനും ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്നുവെന്നാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ഡാറ്റ മോഷ്ടിച്ച് കടത്തുന്നുവെന്ന ആരോപണം ചൈനയെ ഉദ്ദേശിച്ചുള്ളതാണ്.
എന്തായാലും ഇന്ത്യയുടെ നടപടിയില്‍ പ്രതികരിച്ച് ഡാറ്റ മുഴുവന്‍ ഐറിഷ് സഹസ്ഥാപനത്തിലേക്ക് ടിക് ടോക്ക് മാറ്റാന്‍ നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിധത്തില്‍ ചൈനീസ് ഇടപെടലില്‍ നിന്നും കൈകഴുകി ടിക് ടോക്ക് വീണ്ടും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.
ഇതാദ്യമായല്ല ടിക് ടോക്കിന് വിലക്കും, പ്രശ്നങ്ങളും നേരിടേണ്ടി വരുന്നത്. ഇന്തോനേഷ്യയില്‍ അശ്ലീലവും, ദൈവനിന്ദയും പ്രചരിപ്പിച്ചതിന് ആപ്പിന് നിരോധനം നേരിട്ടിട്ടുണ്ട്. യുഎസില്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചതിന് ബൈറ്റ് ഡാന്‍സിന് 5.7 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. 2019-ല്‍ മദ്രാസ് ഹൈക്കോടതിയും അശ്ലീലവും, മോശം കണ്ടന്റും പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
ഇന്ത്യയുടെ വിലക്ക് താല്‍ക്കാലികമായിരിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇന്ത്യാ ഗവണ്മെന്റ് നിഷ്കര്‍ഷിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി മടങ്ങിവരുമെന്ന് തന്നെയാണ് ടിക് ടോക്കിന്റെ നിലപാട്.