മലയാളികള്‍ വൃത്തിയുടെ കാര്യത്തില്‍ ബഹുകേമന്മാരാണെന്നാണ് വെയ്പ്പ്. ദേഹശുദ്ധി വരുത്താന്‍ രണ്ട് നേരം കുളിക്കുമെന്നല്ലാതെ മറ്റ് പല കാര്യങ്ങളില്‍ ഈ വൃത്തി നമ്മള് ശീലിക്കാറില്ല. വൃത്തിയുള്ള വീടും, ടൈല്‍ വിരിച്ച മുറ്റവുമൊക്കെയായി നമ്മള് ജീവിച്ച് പോകുന്നു. എന്നാല്‍ വീട്ടിലെ മാലിന്യങ്ങള്‍ ഒരു കവറില്‍ പൊതിഞ്ഞ് സുഖമായി കാറിലും, ബൈക്കിലുമെത്തി വഴിയില്‍ വലിച്ചെറിയുന്നതും ഒരു ശീലമാണ്. ഇതൊക്കെ എവിടെ നടക്കുന്നു എന്ന് ചോദിക്കുന്നവര്‍ നേരം പുലരുന്നതിന് മുന്‍പ് റോഡിലൂടെ നടന്നാല്‍ മതിയാകും.

വീടുകളിലെ പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യത്തിന് പുറമെയാണ് കോഴി മാലിന്യവും, സെപ്റ്റിക് ടാങ്ക് മാലിന്യവും വരെ ചിലര്‍ പെരുവഴിയിലും, കുടിവെള്ള ശ്രോതസ്സിലും വരെ ചൊരിഞ്ഞ് കടന്നുകളയുന്നത്. ഇരുട്ടിന്റെ മറവിലാണ് ഈ കലാപരിപാടി പൊതുവെ നടന്നുവരുന്നത്. ഈ മാലിന്യങ്ങള്‍ പിന്നാലെ എത്തുന്ന കാക്കകളും, നായകളും ഭക്ഷണമാക്കാന്‍ കടിപിടി കൂടുകയും ചെയ്യും. ആ സമയത്ത് ഇതുവഴി കടന്നുവരുന്ന മനുഷ്യരെ നായകള്‍ ഓടിച്ചിട്ട് കടിച്ചെന്നുമിരിക്കും.
മാലിന്യ സംസ്കരണം ഇത്രയേറെ പുരോഗമിച്ച ഈ ഘട്ടത്തില്‍, പ്രത്യേകിച്ച് മാലിന്യം കൊടുത്ത് കാശും വാങ്ങി പോക്കറ്റില്‍ ഇടാമെന്നിരിക്കെ ഈ വലിച്ചെറിയല്‍ പരിപാടി അവസാനിപ്പിക്കുന്നതാണ് മാന്യമായ രീതി. കോഴി മാലിന്യം ഉള്‍പ്പെടെയുള്ളവ വളമാക്കി മാറ്റാന്‍ സജീവമായി നിരവധി ചെറുകിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ബന്ധപ്പെട്ടാല്‍ പണം നല്കി തന്നെ മാലിന്യങ്ങള്‍ ഇവര്‍ സ്വരൂപിച്ച് കൊണ്ടുപോകും. ഒളിച്ച് കൊണ്ടുപോയി മാലിന്യം കളയാനുള്ള പെടാപ്പാടും ഇല്ല.
വൃത്തിയുടെ മഹത്വം പറയുന്ന ഈ മാലിന്യ ദ്രോഹികള്‍ ഈ രീതി പരീക്ഷിക്കുന്നത് സമൂഹത്തിനും സ്വന്തം ആരോഗ്യത്തിനും നല്ലതാകും.