ലോകം വീണ്ടുമൊരു പ്രതിസന്ധിയെ നേരിടുകയാണ്. കൊറോണാവൈറസ് വിതയ്ക്കുന്ന മഹാമാരിക്ക് മുന്നില്‍ ലോകം വിറച്ച് നില്ക്കുന്നു. ആഗോള ശക്തികള്‍ എന്നുകരുതിയവര്‍ക്ക് പോലും വൈറസ് മനുഷ്യജീവനുകള്‍ അപഹരിക്കുമ്പോള്‍ നിസ്സഹായതോടെ നോക്കി നില്ക്കാനെ സാധിക്കുന്നുള്ളൂ.
കേരളത്തിലും കൊറോണാ ഭീതി നിസ്സാരമല്ല. ആദ്യ ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേര് രോഗമുക്തി നേടിയത് സംസ്ഥാനത്തിന് ആശ്വാസമായി മാറി. പക്ഷെ അതുവരെ അഭിമാനമായിരുന്ന ചില പ്രവാസികള്‍ നടത്തിയ പേക്കൂത്തുകള്‍ കേരളത്തെ വീണ്ടും വൈറസിന് മുന്നിലേക്ക് എറിഞ്ഞ് കൊടുത്തിരിക്കുകയാണ്. അരയും തലയും മുറുക്കി നമ്മുടെ ആരോഗ്യ വകുപ്പ് വൈറസിനെ തുരത്താന്‍ രംഗത്തുണ്ട്. പക്ഷെ ഈ സമയത്തെങ്കിലും നമ്മള് ഓര്‍മ്മിക്കേണ്ട ചിലരുണ്ട്, നമ്മള് മാലാഖമാര്‍ എന്നുവിശേപ്പിക്കുന്ന കേരളത്തിലെ നഴ്സുമാരാണ് അവര്‍.
ആരോഗ്യസേവനത്തിന് പേരും പെരുമയും അവകാശപ്പെടുന്ന കേരളത്തിന് ഈ നഴ്സുമാരുടെ ശമ്പളം എത്രയെന്ന് ചോദിച്ചാല്‍ നാണിച്ച് തലതാഴ്ത്തേണ്ടി വരും. മുന്‍പ് നിപ്പ വൈറസ് പത്തിവിടര്‍ത്തിയപ്പോള്‍ കേരളത്തിന് രക്തസാക്ഷിയായി സമര്‍പ്പിക്കേണ്ടി വന്നത് ഒരു നഴ്സിനെ കൂടിയാണ്. കോടികള്‍ കൊയ്യുന്ന ബിസിനസ്സാണ് ആരോഗ്യ മേഖല. പക്ഷെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ വാങ്ങുന്ന ശമ്പളം ദിവസക്കൂലിക്ക് ഹിന്ദിക്കാര് വാങ്ങുന്ന ശമ്പളത്തേക്കാള്‍ കുറവായിരിക്കും.
ചെയ്യുന്ന തൊഴിലിന് അനുസരിച്ച് മാന്യമായി ജീവിക്കാനുള്ള ശമ്പളം തേടി നഴ്സുമാര്‍ സമരം ചെയ്തത് ആരും മറന്നിരിക്കാന്‍ ഇടയില്ല. മാനേജ്മെന്റുകളുടെ എതിര്‍പ്പ് തള്ളി 20,000 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈയടി വാങ്ങുകയും ചെയ്തു. പക്ഷെ ആ കൈയടികള്‍ക്ക് അപ്പുറം എത്ര നഴ്സുമാര്‍ക്ക് ഈ ശമ്പളം കിട്ടിയെന്ന് പരിശോധിക്കാന്‍ ഒരാളും തയ്യാറായിട്ടില്ല.
മുഖ്യമന്ത്രിയുടെ ആ പ്രഖ്യാപനം പ്രഖ്യാപനത്തില്‍ തന്നെ ഒതുങ്ങി. സമരം ചെയ്ത നഴ്സുമാരെ പിരിച്ചുവിട്ടും, ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയും ആശുപത്രി മാനേജ്മെന്റുകള്‍ ആ ശമ്പള വര്‍ദ്ധനവ് സ്വപ്നമായി തന്നെ നിലനിര്‍ത്തുന്നു. നിപ്പയുടെ പ്രതിരോധത്തിന് ഇറങ്ങുമ്പോള്‍ ഒരു പരാതി പോലും പറയാതെ തങ്ങളുടെ പ്രതിഷേധം നഴ്സുമാര്‍ മാറ്റിവെച്ചു, ആ ത്യാഗം ഈ കൊറോണാ കാലത്തെങ്കിലും നമ്മള് ഓര്‍ക്കണം. അല്ലെങ്കില്‍ സേവനത്തിന്റെ ഈ മാലാഖമാര്‍ കണ്ണീര് വാര്‍ത്ത് ജീവിതം തള്ളിനീക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കും. അപ്പോഴും കേരളത്തിന്റെ ആരോഗ്യ രംഗം സൂപ്പറാണെന്ന് കണ്ണുമടച്ച് നമുക്ക് വിളമ്പുകയും ചെയ്യാം.