ഇന്ത്യയുടെ മുഖം കാണിക്കുമ്പോള്‍ വിദേശ സിനിമാക്കാര് മറക്കാത്ത ഇടമാണ് ധാരാവി. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി. എന്നാല്‍ ലോകത്തിലെ പല കേമന്മാരും തോറ്റ് പോയപ്പോള്‍ കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ മുംബൈയിലെ ധാരാവി വിജയിച്ച് കയറുന്ന കാഴ്ച ലോകത്തെ തന്നെ ഞെട്ടിക്കുകയും, അത്ഭുതപ്പെടുത്തുകയുമാണ്. സാമൂഹിക അകലവും, ഹോം ഐസൊലേഷനും അസാധ്യമായ ചേരിയില്‍ വൈറസ് ടെസ്റ്റിംഗിന് ഒരു സേനയെ തന്നെ ഇറക്കിയും, ഫീല്‍ഡ് ആശുപത്രിയും സജ്ജമാക്കിയായിരുന്നു ഈ പോരാട്ടത്തിന്റെ ചുവടുകള്‍ കയറിയത്.
വൈറസിനെ ഓടിച്ചിട്ട് പിടിച്ചുള്ള ആ പരിശ്രമം ഫലം കാണുന്നതിന്റെ സൂചനകളാണ് ചേരിയില്‍ നിന്നും പുറത്തുവരുന്ന കണക്കുകള്‍. ഭയപ്പെട്ടത് പോലെ മരണങ്ങളിലേക്ക് എത്തിച്ചേരാതെ കാത്തപ്പോള്‍ 82 പേര്‍ക്കാണ് ഇവിടെ ജീവന് പൊലിഞ്ഞത്. ദുരന്തത്തിനായി കാത്തിരിക്കാതെ പണിയെടുത്തതാണ് ധാരാവിയെ രക്ഷിച്ചത്. തൊട്ടപ്പുറത്ത് തലയുയര്‍ത്തി നില്ക്കുന്ന മുംബൈ നഗരം 4500-ലേറെ മരണങ്ങളുമായി തലകുനിച്ച് നില്‍ക്കുമ്പോഴാണ് ഡസന്‍ കണക്കിന് ആളുകള്‍ ഒരു മുറിയില്‍ ഉറങ്ങുകയും, ഒരു കക്കൂസ് നൂറുകണക്കിന് പേര് ഉപയോഗിക്കുകയും ചെയ്യുന്ന, സാമൂഹിക അകലം സ്വപ്നം മാത്രമായ, 1.3 സ്ക്വയര്‍ മൈല്‍ ഭൂമിയില്‍ 10 ലക്ഷത്തോളം പേര് വസിക്കുന്ന ധാരാവി ഈ നേട്ടം കൈവരിച്ചത്.

എന്താണ് മിഷന് ധാരാവി?
കൊറോണാവൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാലും ചികിത്സ തേടാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നതായി മനസ്സിലാക്കിയതോടെയാണ് അപകടമണി മുഴങ്ങിയത്. എന്നാല്‍ ഇതുകേട്ട് വെറുതെ നിസ്സഹായരായി ഇരിക്കാന്‍ കോര്പ്പറേഷന് അധികൃതര്‍ തയ്യാറായില്ല. പകരം ചെയ്തത് എന്തെന്നല്ലേ, അതാണ് മിഷന് ധാരാവി.
ചേരിയുടെ വിവിധ മേഖലകളിലായി പനി ക്യാംപുകള്‍ തയ്യാറാക്കിയാണ് ആദ്യ പ്രതിരോധ നടപടി തുടങ്ങിയത്. ധാരാവിയ്ക്ക് ഉള്ളിലെ പാര്‍ക്കില്‍ 200 കിടക്കകളുള്ള ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ നിര്‍മ്മിച്ചു. സ്കൂളുകളും, വിവാഹ ഹാളും, സ്പോര്‍ട്സ് കോംപ്ലക്സുകളും ക്വാറന്റൈന് കേന്ദ്രങ്ങളാക്കി. ഡ്രോണുകള്‍ ഇറക്കി നിയമലംഘകരെ സജീവമായി നിരീക്ഷിച്ചു. ഭക്ഷ്യ റേഷന്‍ എത്തിക്കാന്‍ വോളണ്ടിയര്‍മാരുടെ ഒരു നിര തന്നെ രംഗത്തിറങ്ങി.

ധാരാവിക്ക് വിജയം ആഘോഷിക്കാറായോ?
ചേരിക്ക് പുറത്തുള്ള ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ വമ്പന്മാരുടെ വീട്ടുജോലിക്കാരും, ഡ്രൈവര്‍മാരുമായാണ് ധാരാവിയിലെ നല്ലൊരു ശതമാനവും ജീവിതം കഴിച്ചുകൂട്ടുന്നത്. ചേരിയില്‍ കൊറോണാവൈറസ് പടരുന്നുവെന്ന വാര്‍ത്ത ചേരിനിവാസികളെ ഒട്ടും ആശങ്കപ്പെടുത്തിയില്ല. കാരണം ലോക്ക്ഡൗണ്‍ അല്ല എന്ത് വിലക്ക് വന്നാലും ജീവിക്കാന്‍, വിശപ്പ് അകറ്റാന്‍ അവര്‍ക്ക് പണിയെടുക്കാതെ മറ്റ് തരമില്ലായിരുന്നു.
ഈ ഘട്ടത്തില്‍ എല്ലാവരും ഒത്തൊരുമിച്ച് ധാരാവിയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചത് ഇവരുടെ സേവനം ആവശ്യമുള്ളത് കൊണ്ട് തന്നെയാണ്. അഭിമാനിക്കാവുന്ന തരത്തില്‍ നേട്ടം കൊയ്ത് നില്‍ക്കുകയാണെങ്കിലും ഇത് യുദ്ധമാണെന്ന് മുനിസിപ്പല്‍ അധികൃതര്‍ക്ക് വ്യക്തമായറിയാം. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കിലും പൊടുന്നനെ എന്ത് മാറ്റവും സംഭവിക്കാം. ധാരാവിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ലെതര്‍, റീസൈക്ലിംഗ് ഫാക്ടറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വെല്ലുവിളിയാണെന്ന് മനസ്സിലാക്കിയാണ് അധികൃതര്‍ വിജയം ആഘോഷിക്കാന്‍ മടിക്കുന്നത്.