സിനിമകളില്‍ ഇത്തരം കഥകള്‍ കാണുകയും, കേള്‍ക്കുകയും ചെയ്താല്‍ വലിയ അത്ഭുതം തോന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു അവസ്ഥ സംഭവിച്ചാല്‍ അത്ഭുതം സ്വാഭാവികം. ബ്രിട്ടനില്‍ വീശിയടിച്ച ഡെന്നീസ് കൊടുങ്കാറ്റിന് ശേഷമാണ് ഈ അവിചാരിത സംഭവം നടന്നത്. കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് അറ്റ്ലാന്റിക് സമുദ്രം കടന്ന് ഒരു കപ്പല്‍ അയര്‍ലണ്ട് തീരത്തടിഞ്ഞു.
ഉപേക്ഷിക്കപ്പെട്ട കാര്‍ഗോ കപ്പലായ ആള്‍ട്ട 17 മാസത്തോളം അറ്റ്ലാന്റിക്കില്‍ ചുറ്റിക്കറങ്ങിയ ശേഷമാണ് കൗണ്ടി കോര്‍ക്കിലെ കല്ലുകളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. 2018 ഒക്ടോബറിലാണ് ഈ കപ്പലിലെ ജീവനക്കാരെ ബെര്‍മുഡയില്‍ നിന്നും 1300 മൈല്‍ അകലെ വെച്ച് യുഎസ് കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്.

അന്നുമുതല്‍ കപ്പല്‍ അനാഥമാണ്. വെസ്റ്റ് ആഫ്രിക്കന്‍ തീരത്ത് കണ്ടതിന് ശേഷം സ്പെയിനും കടന്നാണ് കപ്പല്‍ ബ്രിട്ടനിലെത്തിയത്. അത്ഭുതകരമായ സഞ്ചാരമാണ് ഉപേക്ഷിക്കപ്പെടട് കപ്പല്‍ നടത്തിയതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 2018 ഒക്ടോബറിലാണ് ആള്‍ട്ട ലക്ഷ്യംതെറ്റി ഒഴുക്കില്‍ പെട്ടത്.
20 ദിവസത്തോളം വൈദ്യുതിയും നഷ്ടമായി കിടന്ന കപ്പലില്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് ഭക്ഷണവും വെള്ളവും എത്തിച്ചു. ടാന്‍സാനിയന്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ എങ്ങിനെ ഇത്ര ദൂരം സഞ്ചരിച്ചെന്നത് അജ്ഞാതമായി തുടരുകയാണ്.