കക്കൂസിലും, കുളിമുറിയിലും ഉപയോഗിക്കുന്ന വെള്ളത്തില്‍ ഭക്ഷണം പാകം ചെയ്തതിന് പലരെയും പൊക്കിയ കഥകള്‍ മുന്‍പ് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ചുറ്റും സര്‍വ്വത്ര വെള്ളമുള്ള ഭൂമിയില്‍ കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിന്റെ പല മുന്നറിയിപ്പുകളും മനുഷ്യര്‍ നേരിട്ടുവരികയാണ്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് ഗവണ്മെന്റ് വെള്ളത്തിന്റെ ക്ഷാമം മൂലം കടുപ്പത്തിലൊരു തീരുമാനത്തിന് ഒരുങ്ങുകയാണ്. ടോയ്ലറ്റിലെ വെള്ളം ശുദ്ധീകരിച്ച് പൊതു ഇടങ്ങളിലും, തുറസ്സായ സ്ഥലങ്ങളിലും ഉപയോഗിക്കാനുള്ള സാധ്യതയാണ് വാട്ടര്‍ മിനിസ്റ്റര്‍ മെലിന്ദ പാവെ തേടുന്നത്.
ഇതിനുള്ള സാധ്യത തേടാന്‍ പ്ലാനിംഗ്, ഇന്‍ഡസ്ട്രി, എന്‍വയോണ്‍മെന്റ് വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സിഡ്നിക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുടെ ഭാഗമായാണ് ടോയ്ലറ്റ് വെള്ളവും പരിഗണിക്കേണ്ടി വരുന്നതെന്ന് പാവെ വ്യക്തമാക്കി.
ഇതിനായി സിഡ്നിക്ക് പ്രതിദിനം 250 മില്ല്യണ്‍ ലിറ്റര്‍ വെള്ളം എത്തിക്കുന്ന ഡിസലൈനേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വരള്‍ച്ച പല ഭാഗങ്ങളിലും രൂക്ഷമായതോടെ വെള്ളം കൂടുതലായി റിസൈക്കിള്‍ ചെയ്യാതെ മറ്റ് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലാണ് സിഡ്നി.