അടുത്ത 18 മാസത്തില്‍ സ്വിഗ്ഗിക്ക് പുതിയ 3 ലക്ഷം ഡെലിവെറി എക്‌സിക്യൂട്ടീവ്‌സിനെ വേണം; ഇങ്ങനെ പോയാല്‍

0
271

ഇന്ത്യന്‍ സൈന്യം, ഇന്ത്യന്‍ റെയില്‍വെ, സ്വിഗ്ഗി… ആ പട്ടികയ്ക്ക് എന്തോ ഒരു ചേര്‍ച്ചക്കുറവ് അനുഭവപ്പെടുന്നുണ്ട് അല്ലെ? ആദ്യത്തെ രണ്ടും ഇന്ത്യയുടെ അഭിമാനം, മൂന്നാമത്തേക്ക് ഒരു സ്വകാര്യ ഭക്ഷ്യ ഡെലിവെറി കമ്പനി. ഇവര്‍ എങ്ങിനെ ഒരുമിച്ച് വരുമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അറിഞ്ഞോളൂ, ജോലി ലഭ്യമാക്കുന്ന കാര്യത്തിലാണ് ഈ ഒരുമ നിലനില്‍ക്കുന്നത്.

അടുത്ത 18 മാസത്തില്‍ 3 ലക്ഷം പുതിയ ഡെലിവെറി എക്‌സിക്യൂട്ടീവ്‌സിനെ ജോലിക്ക് എടുക്കാനാണ് സ്വിഗ്ഗി ഒരുങ്ങുന്നത്. ഇതോടെ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കുന്ന സ്ഥാപനമായി ഈ സ്റ്റാര്‍ട്ട്അപ്പ് മാറും.

‘നിലവിലെ വളര്‍ച്ചാനിരക്കില്‍ മുന്നോട്ട് നീങ്ങിയാല്‍ സൈന്യത്തിനും, ഇന്ത്യന്‍ റെയില്‍വെയ്ക്കും പിന്നില്‍ രാജ്യത്തെ മൂന്നാമത്തെ തൊഴിലവസര ശ്രോതസ്സായി മാറാന്‍ അധികം വര്‍ഷങ്ങളൊന്നും വേണ്ടിവരില്ല’, സ്വിഗ്ഗി സഹസ്ഥാപകനും, സിഇഒയുമായ ശ്രീഹര്‍ഷ മജേതി വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യം 12.5 ലക്ഷം പേര്‍ക്കും, റെയില്‍വെ 12 ലക്ഷം പേര്‍ക്കും തൊഴില്‍ നല്‍കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നത് ഐടി വമ്പനായ ടിസിഎസ് ആണ്. 2019 സെപ്റ്റംബറില്‍ 4.5 ലക്ഷം ജീവനക്കാരാണ് ടിസിഎസിനുള്ളത്.