എന്ത് രോഗം വന്നാലും ചികിത്സ തേടി അമേരിക്കയിലേക്ക് യാത്ര ചെയ്യുകയെന്നത് നമ്മുടെ നാട്ടിലെ നേതാക്കളുടെ ഒരു ഫാഷനാണ്. ഇവിടെ കിട്ടുന്ന ചികിത്സയൊന്നും ഞങ്ങള്‍ക്ക് പറ്റിയതല്ലെന്ന് പ്രഖ്യാപിച്ച് അവര്‍ വിമാനം പിടിച്ച് നികുതി നല്കുന്നവന്റെ പണം ഉപയോഗിച്ച് സസുഖം ചികിത്സ തരപ്പെടുത്തുന്നു. കടുത്ത സാമ്രാജ്യവിരുദ്ധത പ്രഖ്യാപിക്കുന്ന ഇടതന്മാര് പോലും രോഗം വരുമ്പോള്‍ അമേരിക്കയെ ഓര്‍മ്മ വരും.
ഇതൊക്കെ കാണിക്കുന്നത് ഒറ്റ കാര്യമാണ്. നമ്മുടെ നാട്ടിലെ ചികിത്സയും, സൗകര്യങ്ങളുമെല്ലാം മോശമെന്ന് പ്രഖ്യാപിക്കലാണ് ഈ ചികിത്സായാത്രകള്. എന്നാല്‍ കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഇന്ത്യയില്‍ വെച്ച് തന്നെ നടത്തിയാല്‍ മതിയെന്ന് വാശിപിടിച്ച ഒരു മുന്‍മന്ത്രി നമുക്കുണ്ട്, സാക്ഷാല്‍ സുഷമ സ്വരാജ്!
രോഗങ്ങള്‍ ബുദ്ധിമുട്ടിച്ചപ്പോള്‍ അവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. 2019 ആഗസ്റ്റ് മാസത്തില്‍ സുഷമ വിടവാങ്ങുകയും ചെയ്തു. എന്നാല്‍ ഇതിന് രണ്ട് വര്‍ഷം മുന്‍പ് കിഡ്നി സര്‍ജറി ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ വിദേശത്ത് പോയി ചെയ്യാനാണ് എയിംസ് ഡോക്ടര്‍മാര്‍ ഉപദേശിച്ചത്. സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
താന്‍ വിദേശത്ത് പോയി സര്‍ജറി ചെയ്താല്‍ അത് രാജ്യത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന തീരുമാനമാകുമെന്നാണ് സുഷമ വിശ്വസിച്ചത്. നമ്മുടെ ഡോക്ടര്‍മാരും, നഴ്സുമാരും, സൗകര്യങ്ങളും ഒന്നും മോശമല്ല. ധൈര്യമായി സര്‍ജറി ചെയ്യൂ, എന്നാണ് സുഷമ തന്നെ ചികിത്സിച്ച ഡോക്ടറോട് പറഞ്ഞത്.
ആ സര്‍ജറി വിജയിക്കുകയും പിന്നീടും ജനങ്ങളുടെ ആവശ്യങ്ങളില്‍ സജീവമായി ഇടപെടാനും സുഷമ സ്വരാജ് തയ്യാറായി. അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുമെന്ന് നേതാക്കള്‍ ഇടയ്ക്കെങ്കിലും ഓര്‍മ്മിക്കാന്‍ ഈ സംഭവം വഴിയൊരുക്കട്ടെ!