2018-ലെ വെള്ളപ്പൊക്കം കേരളത്തെ അടപടലം നാശമാക്കി കളഞ്ഞു. പെരിയാര്‍ ഒഴുകുന്ന പ്രദേശങ്ങളില്‍ മാത്രം നിശം വിതച്ചതിനാല്‍ മറ്റ് ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ ഒഴുകിയെത്തി. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിവിധ ഭാഗങ്ങളില്‍ നിന്നും പണവും, ആളുകളും എത്തിച്ചേര്‍ന്നു. ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവും, സുശാന്ത് സിംഗ് രാജ്പുതിന്റെ ആരാധകനുമായ വ്യക്തി കൈയില്‍ പണമില്ലാത്തതിനാല്‍ ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു.
ആ വാക്കുകള്‍ കണ്ട സുശാന്ത് ചെയ്തത് എന്താണെന്നോ, കേരളത്തിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലേക്ക് ആരാധകന്റെ പേരില്‍ 1 കോടി രൂപ സംഭാവന നല്‍കുകയാണ് അദ്ദേഹം ചെയ്തത്. അകാലത്തില്‍ തേടിയെത്തിയ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെയാണ് ഈ ഇന്‍സ്റ്റാഗ്രാം സംഭാഷണം വീണ്ടും പ്രചരിക്കുന്നത്.

ആരാധകന് വാക്കുനല്‍കിയത് സുശാന്ത് പാലിക്കുകയും ചെയ്തു. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കിയ അദ്ദേഹം ആരാധകനോട് പറഞ്ഞത് ഇങ്ങനെയാണ്- ‘വാക്കുപറഞ്ഞത് പോലെ നിങ്ങള്‍ ആഗ്രഹിച്ചത് നടത്തിക്കഴിഞ്ഞു. നിങ്ങളാണ് ഇത് ചെയ്യാന്‍ കാരണമായത്, അതുകൊണ്ട് സ്വയം അഭിമാനിക്കാം. ആവശ്യമുള്ള സമയത്ത് തന്നെ അത് നിങ്ങള്‍ നല്കി. ഒരുപാട് സ്നേഹം’, സുശാന്ത് മറുപടിയില്‍ കുറിച്ചു.

സുശാന്ത് നല്കിയ സ്നേഹത്തെ അനുസ്മരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും ട്വീറ്റ് ചെയ്തത്. ‘സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവാര്‍ത്തയില്‍ ദുഃഖിതരാണ്. അദ്ദേഹത്തിന്റെ നേരത്തെയുള്ള വിയോഗം ഇന്ത്യന്‍ സിനിമാ വ്യവസായത്തിനേറ്റ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും, ആരാധകര്‍ക്കും അനുശോചനങ്ങള്‍. കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് അദ്ദേഹം നല്കിയ പിന്തുണയെ ഒരു നിമിഷം സ്മരിക്കുന്നു’, പിണറായി വിജയന് കുറിച്ചു.
ആരാധകരുടെ വാക്കുകള്‍ക്ക് അനുസരിച്ച് പെരുമാറുകയും അവരോട് അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്ത ചുരുക്കം താരങ്ങളില്‍ ഒരാളാണ് സുശാന്ത്. ആറ് മാസക്കാലമായി കടന്നുപോകുന്ന വിഷാദത്തിന് ഒടുവിലാണ് 34-ാം വയസ്സില്‍ സുശാന്തിന്റെ മടക്കമെന്നാണ് പോലീസ് പ്രാഥമിക റിപ്പോര്‍ട്ട്.