സിനിമയില്‍ സണ്ണി ലിയോണിന്റെ നമ്പര്‍ കിട്ടിയതോടെ ആരാധകര്‍ തുരുതുരെ വിളി; മറുപടി പറഞ്ഞ് മടുത്ത് ഈ ഡല്‍ഹിക്കാരന്‍

0
329

‘ഹലോ സണ്ണി ലിയോണ്‍ അല്ലേ’?
‘അല്ല’!

ഡല്‍ഹിയിലെ 27-കാരന്‍ പുനീത് അഗര്‍വാളിന് ഇപ്പോള്‍ സ്വന്തം കാര്യം പോലും നോക്കാന്‍ നേരമില്ല. നടി സണ്ണി ലിയോണിനെ തേടിയുള്ള ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുകയാണ് പുനീതിന്റെ ജോലി. സണ്ണിയുടെ ആരാധകരുടെ ഫോണ്‍ വിളികള്‍ക്ക് മറുപടി പറഞ്ഞ് മടുത്ത ഇദ്ദേഹം പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്.

സണ്ണി ലിയോണിനോട് സംസാരിക്കാനാണ് ആരാധകര്‍ പുനീതിന്റെ നമ്പറില്‍ വിളിക്കുന്നത്. അടുത്തിടെ ഇറങ്ങിയ അര്‍ജ്ജുന്‍ പട്യാല എന്ന ചിത്രത്തില്‍ താരത്തിന്റേതായി പറയുന്ന നമ്പറാണ് ഈ ചതി ഒപ്പിച്ചത്. വിളിക്കുന്നവരെ ഇത് തന്റെ നമ്പറാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താനാണ് യുവാവിന്റെ പാഴ്ശ്രമം.

അര്‍ജ്ജുന്‍ പട്യാല എന്ന സിനിമയില്‍ സണ്ണി അഭിനയിച്ച കഥാപാത്രം മറ്റൊരു കഥാപാത്രത്തിന് ഈ ഫോണ്‍ നമ്പര്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. ജൂലൈ 26ന് സിനിമ റിലീസ് ചെയ്തത് മുതല്‍ നൂറുകണക്കിന് കോളുകളും, സന്ദേശങ്ങളുമാണ് ഫോണിലെത്തിയത്.

സണ്ണിയോട് സംസാരിക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം. ആദ്യം കളിയാക്കുകയാണെന്നാണ് കരുതിയത്. പിന്നീട് പ്രശ്‌നം വഷളായി. വിളിക്കുന്നവര്‍ സണ്ണിയെ കിട്ടാതെ വന്നതോടെ അസഭ്യമായി. ചിലര്‍ വൃത്തികെട്ട ആവശ്യങ്ങളും ഉന്നയിച്ചു. ഇതോടെയാണ് സഹായം തേടി പോലീസിനെ സമീപിച്ചത്. എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്ന് പുനീത് പറയുന്നു.