വന്നവഴി മറക്കുക. അതാണ് പൊതുവെയുള്ള ആളുകളുടെ രീതി. വലിയ നേട്ടങ്ങളും, പണവും, സ്ഥാനമാനങ്ങളും ലഭിക്കുമ്പോള്‍ കഴിഞ്ഞതെല്ലാം മറന്ന് പുതിയ അവസ്ഥയില്‍ അഭിരമിക്കുക. ‘അര്‍ദ്ധരാത്രി കുട ചൂടുക’ എന്നുള്ള പഴമൊഴികള്‍ പഴമക്കാര്‍ സൃഷ്ടിച്ചതും വെറുതെയല്ല, ഇത്തരക്കാരെ കണ്ടുകൊണ്ട് തന്നെയാണ്. പക്ഷെ രവി ബാസ്റൂര് അത്തരക്കാരനല്ല. ആളെ മനസ്സിലായില്ലെന്നുണ്ടോ?
ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ച കെജിഎഫ് എന്ന ചിത്രത്തിന്റെ സംഗീതജ്ഞന്. കഥയുടെ ഒഴുക്കിനൊത്ത് കാണികളുടെ നെഞ്ചില്‍ ആവേശത്തിന്റെ നെരിപ്പോട് കത്തിച്ച രവി ബാസ്റൂര് പക്ഷെ കൊറോണ കാലത്ത് തന്റെ പിതാവിന്റെ ആലയില്‍ നെരിപ്പോട് കത്തിച്ച് താന്‍ വന്നവഴി മറക്കാതെ അദ്ദേഹത്തെ സഹായിക്കുകയാണ്.
ഉഡുപ്പി ജില്ലയിലെ ബാസ്റൂര് സ്വദേശിയാണ് രവി. തന്റെ കഴിഞ്ഞ കാലം മറന്ന് സെലിബ്രിറ്റിയായി മാറിയതിന്റെ അഹന്ത തലയില്‍ ഏറിയിട്ടില്ലെന്ന് രവി തെളിയിക്കുന്നു. ഇരുമ്പ് പണിക്കാരനായ പിതാവിനെ സഹായിക്കുകയാണ് ഈ കൊറോണ അവധിയില്‍ രവി ചെയ്യുന്നത്. ഒരു കിരീടം സൃഷ്ടിക്കുന്ന വീഡിയോ രവി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതോടൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതി- ‘നമ്മുടെ പഴയകാല ഓര്‍മ്മകളിലേക്ക് മടങ്ങാന്‍ ദൈവം സഹായിക്കും. നമ്മള് അദ്ദേഹത്തിന്റെ കൈകളിലെ പാവകള്‍ മാത്രം’. 35 രൂപ പിതാവിന് നേടിക്കൊടുക്കാനാണ് തന്റെ ഈ പണിയെന്നും രവി വ്യക്തമാക്കി. പാവപ്പെട്ട കുടുംബത്തില്‍ പിറന്ന രവി സംഗീതത്തില്‍ ഏറെ അഭിരുചി പുലര്‍ത്തി. ചെറിയ ജോലികള്‍ ചെയ്യുന്നതിനൊപ്പം തന്റെ ആഗ്രഹത്തിന് പിന്നാലെ അദ്ദേഹം നടന്നു.
ആദ്യം ബെംഗളൂരുവിലും പിന്നീട് മുംബൈയിലും എത്തിയ രവിയെ ഭാഗ്യം തുണച്ചില്ല. ജീവിക്കാന്‍ പാടുപെട്ട ഘട്ടത്തില്‍ കിഡ്നി വില്ക്കാന് വരെ ഒരുങ്ങിയപ്പോഴാണ് ബെംഗളൂരുവിലെ റേഡിയോ സ്റ്റേഷനില്‍ ജോലി ലഭിച്ചത്. പിന്നീട് അര്ജ്ജുന് ജന്യക്കൊപ്പം ജോലി ചെയ്ത അദ്ദേഹം പ്രശാന്ത് നീലിന്റെ ഉഗ്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.
ഒടുവില്‍ പ്രശാന്ത് നീല്‍ കെജിഎഫ് എന്ന വിസ്മയം സൃഷ്ടിച്ചപ്പോള്‍ രവി ബാസ്റൂര് ഒരുക്കിയ സംഗീതം പ്രേക്ഷകരുടെ നെഞ്ചില്‍ ഇടിവെട്ട് പോലെ ഇടിച്ചിറങ്ങുകയും ചെയ്തു.