മദ്യപിച്ചെന്ന പേരില്‍ പോലീസ് പിടിച്ചുനിര്‍ത്തുമ്പോള്‍ ആ 46-കാരന് ഇത് എന്തിനെന്ന് പോലും മനസ്സിലായില്ല. താന്‍ മദ്യപിച്ചിട്ടില്ലെന്ന് അയാള്‍ വാദിച്ച് നോക്കി. ബ്രെത്തനലൈസര്‍ ടെസ്റ്റ് എടുക്കാന്‍ വിസമ്മതിച്ചതോടെ പോലീസ് ഡ്രൈവറെ ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ ശരീരത്തില്‍ ബിയര്‍ ഉത്പാദനം നടക്കുന്നതായി കണ്ടെത്തിയത്.
പരിശോധനയില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കാരന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് 200 എംജി/ഡിഎല്‍ ആണെന്ന് കണ്ടെത്തി. 10 ആല്‍ക്കഹോളിക് ഡ്രിങ്കുകള്‍ക്ക് സമാനമായിരുന്നു ഇത്. മൂന്ന് വര്‍ഷക്കാലമായി സ്വഭാവ മാറ്റങ്ങളും, വിഷാദവും, ഓര്‍മ്മക്കുറവും നേരിടുന്നതായി രോഗി ജീവനക്കാരോട് പറഞ്ഞു. 2011-ല്‍ വിരലിന് പരുക്കേറ്റതിന് നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് കഴിച്ച ശേഷമാണ് ഈ പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും രോഗി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആശുപത്രി ജീവനക്കാരും, പോലീസും കുടിച്ചിട്ടില്ലെന്ന വാദം വിശ്വസിക്കാന്‍ തയ്യാറായില്ല. ഇതിന് ശേഷമാണ് ഇയാള്‍ക്ക് അപൂര്‍വ്വമായ ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണെന്ന് ഡോക്ടര്‍മാര്‍ സംശയിച്ചത്. ഭക്ഷണത്തിലൂടെ അകത്തെത്തുന്ന കാര്‍ബോഹൈഡ്രേറ്റ് ആമാശയത്തില്‍ ഫംഗസിന്റെ സഹായത്തോടെ മദ്യമായി മാറുന്നതാണ് ഈ അവസ്ഥ.
പല ഡോക്ടര്‍മാരും ഇയാള്‍ കള്ളം പറയുകയാണെന്ന് വിശ്വസിച്ചു. ഒടുവില്‍ റിച്ച്മണ്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് രോഗിയുടെ അവസ്ഥ സ്ഥിരീകരിച്ചത്. ആന്റിബയോട്ടിക് കഴിച്ചതാണ് രോഗാവസ്ഥയെ ഉണര്‍ത്തിയത്.