ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് വേണം; അതിനായി ഷാറൂഖ് കൈകോര്‍ക്കുന്നു ഈ തമിഴ് സംവിധായകനൊപ്പം!

0
227

ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത സീറോയിലാണ് ഷാറൂഖ് ഖാന്‍ അവസാനമായി അഭിനയിച്ചത്. കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ്മ തുടങ്ങി വമ്പന്‍ താരനിരയും, ഷാറൂഖിന്റെ വ്യത്യസ് കഥാപാത്രവും ചേര്‍ന്നിട്ടും സിനിമ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ചില്ല. ഇതോടെ ഹിറ്റ് സിനിമകളില്ലാതെ ഒതുങ്ങിയ കിംഗ് ഖാന്‍ കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണ്. ഒരു വര്‍ഷത്തോളമായി ഒരു പദ്ധതിയും താരം പ്രഖ്യാപിച്ചിട്ടില്ല.

ഓണ്‍ലൈനില്‍ തന്റെ യാത്രകളും, ആരാധകരുമായുള്ള സംവാദവും ഒക്കെയായി ഷാറൂഖ് ലൈവില്‍ തന്നെ നില്‍ക്കാനും ശ്രമിക്കുന്നുണ്ട്. ഒര സൂപ്പര്‍ഹിറ്റ് സിനിമയാണ് മനസ്സിലുള്ളതെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. ബോക്‌സ്ഓഫീസില്‍ ഇടിമുഴക്കം സൃഷ്ടിക്കാന്‍ പോന്ന ചേരുവകളുള്ള കഥയുമായി അടുത്ത സിനിമ ചെയ്യാമെന്ന പ്രതീക്ഷയിലാണ് താരം.

ഷാറൂഖിന്റെ ബോക്‌സ് ഓഫീസ് വരള്‍ച്ച തീര്‍ക്കാന്‍ തമിഴില്‍ നിന്നും ഒരു സംവിധായകന്‍ കച്ചകെട്ടി ഇറങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആറ്റ്‌ലിയാണ് ആ സൂപ്പര്‍ സംവിധായകനെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷാറൂഖിന്റെ പിറന്നാള്‍ ദിനമായ നവംബര്‍ 2ന് ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുതിയ വിവരം.

വിജയ്ക്ക് മെര്‍സലും, തെരിയും വഴി കോടികളുടെ ലാഭക്കച്ചവടം സമ്മാനിച്ച ആറ്റ്‌ലി ദീപാവലിക്ക് അതേ താരത്തെ നായകനാക്കി ബിജില്‍ എന്ന ചിത്രം പുറത്തിറക്കുന്ന തിരക്കിലാണ്. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഷാറൂഖ്-ആറ്റ്‌ലി ചിത്രം ഡിസംബറില്‍ തന്നെ ഷൂട്ടിംഗും തുടങ്ങും.