ബീജദാതാക്കളെക്കുറിച്ച് നമ്മള് ഇതിന് മുന്‍പും കേട്ടിരിക്കും. പക്ഷെ ജോ ഡോണര്‍ എന്നയാളുടെ സേവനത്തിലെ വ്യത്യസ്തത ആരെയും അമ്പരപ്പിക്കാന്‍ പോന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150-ലേറെ കുട്ടികളുടെ ജന്മത്തിന് കാരണക്കാരനായ ജോയുടെ ദൗത്യം കൊവിഡ് ലോക്ക്ഡൗണ്‍ വിലക്കുകള്‍ക്കിടയിലും തടസ്സമില്ലാതെ തുടരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് താന്‍ ഗര്‍ഭിണിയാക്കിയ ആറ് സ്ത്രീകളുണ്ടെന്ന് ഈ സേവനദാതാവ് പറയുന്നു. ഈ വര്‍ഷം 10 സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ നല്‍കാനുള്ള ഉദ്യമത്തിലാണ് ജോ (യഥാര്‍ത്ഥ നാമമല്ല). സ്ത്രീകളുടെ താല്പര്യം അനുസരിച്ച് ലൈംഗിക ബന്ധത്തിലൂടെയും, ബീജദാനത്തിലൂടെയും ജോ തന്റെ സേവനം ലഭ്യമാക്കും.

ലോക്ക്ഡൗണ്‍ സമയത്ത് അര്‍ജന്റീനയില്‍ കുടുങ്ങിയ സമയത്തും ഇദ്ദേഹം സേവനമനോഭാവം കൈവിട്ടില്ല. അവിടുത്തെ ദൗത്യത്തിന് ശേഷം ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലാണ് ജോ ഇപ്പോഴുള്ളത്. ഫേസ്ബുക്ക് വഴിയും, കസ്റ്റമേഴ്സിന്റെ നിര്‍ദ്ദേശങ്ങളിലൂടെയുമാണ് ഇദ്ദേഹത്തിന് ഈ തിരക്കുപിടിച്ച ജോലി നിര്‍വ്വഹിക്കുന്നത്. ബീജം ആവശ്യമുള്ള ബ്രിട്ടീഷ് സ്ത്രീകള്‍ തന്നെ ബന്ധപ്പെട്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമാവധി സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ജോ ലോകമെമ്പാടും യാത്ര ചെയ്യുന്നത്. 2500 കുട്ടികളാണ് ഇദ്ദേഹത്തിന്റെ ദീര്‍ഘകാല ലക്ഷ്യം. ഭാവിയില്‍ കുട്ടികളുമായി ബന്ധം നിലനിര്‍ത്താനും ജോയ്ക്ക് മടിയില്ല. എന്നാല്‍ ഈ സേവനത്തിന് സ്ത്രീകളില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ലെന്നും, ആളുകളെ സഹായിക്കുന്നതില്‍ മാത്രമാണ് സന്തോഷമെന്നും ജോ പറയുന്നു. ഓവുലേഷന് സമയമായാല്‍ തന്നെ ബന്ധപ്പെട്ടാല്‍ മതി സേവനം നല്‍കാമെന്ന് ഇദ്ദേഹം വ്യക്തമാക്കി.
ബീജം പ്രവര്‍ത്തനസജ്ജമാകുന്ന കാലത്തോളം സേവനം തുടരാനാണ് ജോ ആഗ്രഹിക്കുന്നത്, ഒരു 90 വയസ്സ് വരെയെങ്കിലും ഇതിന് സാധിക്കുമെന്നാണ് ഈ ‘ബീജദാതാവിന്റെ’ നിലപാട്.