ആകാശം തൊട്ട് ഈ കുരുന്നുകളുടെ ആവേശം; കൂട്ടുകാട് സാന്റാക്രൂസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുദിനത്തില്‍ അവിസ്മരണീയമായ വിമാനയാത്ര

  0
  1004

  ആകാശത്ത് പറന്നുപോകുന്ന വിമാനങ്ങള്‍ കുട്ടിക്കാലത്ത് അത്ഭുതമാണ്. അതിലെ യാത്ര എങ്ങിനെയെന്ന് ചിന്തിക്കാതെ ഒരാളുടെയും കുട്ടിക്കാലം കടന്നുപോയിരിക്കില്ല. പക്ഷെ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാകും ആ സ്വപ്‌നയാത്ര സഫലമാകുക. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളെ സംബന്ധിച്ച് അത് വിദൂരമായ ഒരു സ്വപ്‌നം തന്നെയാകും.

  സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ ഒരുപറ്റം സുമനസ്സുകള്‍ ഒത്തുചേര്‍ന്നാല്‍ സാധിക്കും എന്നാണ് ഈ വര്‍ഷത്തെ ശിശുദിനത്തില്‍ വിമാനയാത്ര നടത്തിയ പറവൂര്‍ കൂട്ടുകാട് സാന്റാക്രൂസ് എല്‍പി സ്‌കൂളിലെ കുട്ടികളുടെ അനുഭവം നമ്മളോട് പറയുന്നത്. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ശിശുദിനത്തില്‍ ഇവര്‍ക്ക് സമ്മാനിച്ച ആകാശയാത്ര.

  പറവൂരിലെ പാരമ്പര്യമേറിയ ആ കൊച്ചുഗ്രാമത്തില്‍ നിന്നും മുന്‍പെങ്ങുമില്ലാത്ത ആവേശത്തോടെയാണ് ആ കുട്ടികള്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ആ ദിനം യാത്ര ചെയ്തത്. അവരുടെ ആദ്യ വിമാനയാത്ര കൊച്ചിയില്‍ നിന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കായിരുന്നു. കൊച്ചി എയര്‍പോര്‍ട്ടിലെ യാത്രകള്‍ കണ്‍നിറയെ കണ്ട കുരുന്നുകളുടെ സന്തോഷത്തില്‍ വിമാനകമ്പനിയും പങ്കുചേര്‍ന്നു.

  അതുവരെ താഴെനിന്ന് മാത്രം കണ്ടുകൊതിച്ച വിമാനത്തിനുള്ളില്‍ കണ്ണൂരിന്റെ മണ്ണിലേക്ക് പച്ചപ്പ് നിറഞ്ഞ കേരളത്തിന്റെ മുകള്‍തട്ട് കണ്ടാസ്വദിച്ചാണ് ആ കുരുന്നുകള്‍ വിമാനയാത്ര നടത്തിയത്. കുട്ടികള്‍ക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്താന്‍ പൈലറ്റും ഒത്തുചേര്‍ന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് ചിത്രരചനാ മത്സരവും അരങ്ങേറി.

  ഒരിക്കലും മറക്കാത്ത ഒരു ശിശുദിനമാണ് പറവൂര്‍ കൂട്ടുകാട് സാന്റാക്രൂസ് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ ശതാബ്ദി കമ്മറ്റി ഭാരവാഹികള്‍ കുട്ടികള്‍ക്ക് സമ്മാനിച്ചത്. ചരിത്ര സ്മാരകങ്ങളായ സെന്റ് ആഞ്ചലോ ഫോര്‍ട്ട്, അറക്കല്‍ കൊട്ടാരം, പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ത്ഥികള്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. സാന്റാക്രൂസ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി ജോര്‍ജ്, റൂബി എംഎ ശതാബ്ദി ആഘോഷ കമ്മറ്റി ഭാരവാഹികളായ ബെന്നി ജോസഫ്, കെ ഉണ്ണികൃഷ്ണന്‍, ഷിജോ ജോഫ്, ടെന്‍സി എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

  കാലം മായ്ക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഓര്‍മ്മകള്‍ കുട്ടിക്കാലത്ത് മനസ്സില്‍ ചേക്കേറുന്നവയാണ്. സ്‌കൂളിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ വിമാനയാത്ര നടത്തിയെന്ന് അഭിമാനത്തോടെ പറയുന്ന ഈ കുട്ടികള്‍ നാളെ സാന്റാക്രൂസ് എല്‍പി സ്‌കൂളിന് കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്.