ഉപദേശം യുവാക്കള്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നെ ഉപദേശിക്കാന്‍ നിങ്ങള്‍ ആരെന്ന മട്ടാണ്. കൊറോണാവൈറസ് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ഉപദേശം കേള്‍ക്കാന്‍ പലരും മടിക്കുന്നു. എന്നുമാത്രമല്ല ഉപദേശം തള്ളുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം ഉപദേശങ്ങള്‍ ഒഴിവാക്കുന്നത് കൂടെയുള്ളവര്‍ക്ക് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
മകനില്‍ നിന്നും കൊറോണാവൈറസ് പകര്‍ന്നുകിട്ടിയ പിതാവാണ് ഇപ്പോള്‍ ജീവന് നിലനിര്‍ത്താന്‍ പോരാട്ടം നടത്തുന്നത്. മാതാപിതാക്കളുടെ ഉപദേശം കേള്‍ക്കാതെ കൂട്ടുകാര്‍ക്കൊപ്പം കറങ്ങിയാണ് ഫ്ളോറിഡയില്‍ നിന്നുള്ള മകന് വൈറസിനെ കുടുംബത്തില്‍ കയറ്റിയത്.
ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ള പിതാവ് ജോണ്‍ പ്ലേസ് രണ്ടാഴ്ചയായി വെന്ററിലേറ്ററിലാണ്. കഴിഞ്ഞ മാസമാണ് ജോണിന്റെ 21-കാരന് മകന് വൈറസുമായി വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് മുഴുവന്‍ കൈമാറിയത്. എന്നാല്‍ മറ്റുള്ളവര്‍ ചെറിയ അസുഖത്തോടെ രക്ഷപ്പെട്ടപ്പോള്‍ പിതാവ് ഗുരുതരാവസ്ഥയിലായി.
കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ പോകരുതെന്നും, മാസ്ക് അണിയാനും എപ്പോഴും ഉപദേശിച്ചെങ്കിലും മകന് ഇതൊന്നും കേട്ടില്ലെന്ന് ജോണിന്റെ ഭാര്യ മിഷെല്‍ സൈമെറ്റ് പറഞ്ഞു. തെറ്റായി ഒന്നും ചെയ്യില്ലെന്ന് മകന് പറഞ്ഞെങ്കിലും ഒരു ദിവസം കൂട്ടുകാര്‍ക്കൊപ്പം മുങ്ങിയ ഇയാള്‍ വൈറസിനെയും കൂടെക്കൂട്ടി.