ജൂണ്‍ 30 സോഷ്യല്‍ മീഡിയ ദിനമാണ്, #SMDay എന്ന ഹാഷ്ടാഗ് ഹിറ്റാകുന്ന ദിനം. ഫോണും, ഫാക്സും, കമ്പ്യൂട്ടറും കടന്ന് സ്മാര്‍ട്ട്ഫോണുകള്‍ കൈയില്‍ എത്തിയ കാലത്ത് സോഷ്യല്‍ മീഡിയ ഏവരുടെയും ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും അടുത്തെത്താന്‍ കഴിയുന്ന ഈ മാന്ത്രിക വലയത്തിലാണ് ഇനി മുന്നോട്ടുള്ള ജീവിതം. ഒരു വ്യക്തി ദിവസത്തില്‍ ശരാശരി 144 മിനിറ്റ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. വാട്സ്ആപ്പിലും, ഫേസ്ബുക്ക് മെസഞ്ചറിലും, ടിക്ക്ടോക്കിലുമെല്ലാം ഒന്നെത്തി നോക്കാതെ എത്ര സമയം കഴിച്ചുകൂട്ടാന്‍ സാധിക്കും?
സോഷ്യല്‍ മീഡിയയുടെ തലതൊട്ടപ്പന് ആരാണ്?
സോഷ്യല്‍ മീഡിയയ്ക്ക് പ്രാധാന്യം കൈവന്നതോടെയാണ് ജൂണ്‍ 30 ലോക സോഷ്യല്‍ മീഡിയ ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. ഏതാണ് ആദ്യത്തെ സോഷ്യല്‍ മീഡിയ സൈറ്റ് എന്നറിയാമോ? 1996-ല്‍ സൃഷ്ടിക്കപ്പെട്ട സിക്സ് ഡിഗ്രീസാണ് ആ സംഭവം. എന്നാല്‍ 2002ല്‍ ഫ്രണ്ട്സ്റ്റര്‍ എന്ന പ്ലാറ്റ്ഫോമാണ് ജനപ്രീതി ആര്‍ജ്ജിച്ച ആദ്യ സോഷ്യല്‍ മീഡിയ. 2003-ല്‍ മൈസ്പേസും പട്ടികയില്‍ കയറി. 2004ല്‍ ഗൂഗിളിന്റെ വക ഓര്‍ക്കുട്ടും, തൊട്ടുപിന്നാലെ ഫേസ്ബുക്കും രംഗത്തിറങ്ങി. ഓര്‍ക്കുട്ട് ഇടയ്ക്ക് വെച്ച് പണിമുടക്കിയെങ്കിലും ഫേസ്ബുക്ക് മുന്നേറി. ഇന്ന് ട്വിറ്ററും, ഇന്‍സ്റ്റാഗ്രാമും, യുട്യൂബും, വാട്സ്ആപ്പും, ടിക്ക്ടോക്കും തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും സൈറ്റുകള്‍ നമ്മുടെ കൈവെള്ളയില്‍ അമ്മാനമാടുന്നു.
ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും, ഏത് സമയത്തും തൊട്ടടുത്തുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് സൗജന്യമായി ഉപയോഗിക്കാമെന്നത് തന്നെയാണ് ഈ ജനപ്രിയതയ്ക്ക് പ്രധാന കാരണം. സൗജന്യമായി കിട്ടുന്നത് കൊണ്ട് കമ്പനികള്‍ ഡാറ്റ കൈക്കലാക്കിയും, പരസ്യവരുമാനവും മറ്റുമായാണ് ലാഭം കൊയ്യുന്നത്.
സോഷ്യലായി കാശുണ്ടാക്കാം
യുട്യൂബിലൂടെയും മറ്റും പണം നേടാന്‍ ചാനല്‍ തുടങ്ങുന്ന തിരക്കിലാണ് പലരും. ഓരോ മിനിറ്റിലും 300 മണിക്കൂര്‍ വീഡിയോ യുട്യൂബ് അപ്ലോഡ് ചെയ്യുന്നുവെന്നാണ് കണക്ക്. ചുരുങ്ങിയത് 40 മിനിറ്റെങ്കിലും ഒരാള്‍ യുട്യൂബ് കാണുന്നുണ്ട്. പല ബിസിനസ്സ് സ്ഥാപനങ്ങളും ഇതുവഴി ഉപഭോക്താക്കളുമായി സമ്പര്‍ക്കം നിലനിര്‍ത്താന്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്.
സമൂഹത്തില്‍ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഏത് വിധത്തിലാണ് നമ്മള് പെരുമാറുക അതേ തരത്തില്‍ സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്തിയാല്‍ വ്യക്തിപരമായും, ബിസിനസ്സിലും നേട്ടങ്ങള്‍ കൊയ്യാം. നമുക്ക് അനുകൂലമായ ഒരു അന്തരീക്ഷം വിപുലപ്പെടുത്താന്‍ സമയം ആവശ്യമാണ്. അനുയോജ്യമായ കസ്റ്റമേഴ്സ് ഏത് പ്ലാറ്റ്ഫോമിലാണ് കൂടുതല്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞ് വേണം പ്രവര്‍ത്തിക്കാന്‍.
ആളുകള്‍ തേടിയെത്തില്ല, കണ്ടെത്തണം
ഒരു ചായക്കടയില്‍ ചെന്നിരുന്നാല്‍ ആരും നമ്മളെ ശ്രദ്ധിക്കില്ല. സംസാരിച്ച് തുടങ്ങാന്‍ പറ്റിയ ആളെ കണ്ടെത്തി നമ്മള് സംസാരിക്കുക തന്നെ വേണം. സോഷ്യല്‍ മീഡിയയിലും ഈ മിനിമം സംഗതി മറക്കരുത്. നല്ല കണ്ടന്റ് പോസ്റ്റ് ചെയ്ത് കാത്തിരിക്കുകയല്ല ഇതിന് ആവശ്യം.
ആദ്യം ശ്രദ്ധിക്കേണ്ടത് ഏതെല്ലാം വിഷയത്തിലാണ് ആളുകള്‍ സജീവമായി സംസാരിക്കുന്നതെന്ന് തിരിച്ചറിയുകയാണ്. ഹാഷ്ടാഗുകള്‍ ഇക്കാര്യത്തില്‍ ഏറെ സഹായിക്കും. ഓരോ പ്ലാറ്റ്ഫോമിലും സേര്‍ച്ച് ചെയ്ത് അനായാസം ഇത് കണ്ടെത്താം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ചെയ്താല്‍ ഉടനെ ആളുകള്‍ ഓടിയെത്തില്ല. പകരം ആളുകളുമായി നല്ല ബന്ധം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കണം.
സോഷ്യല്‍ മീഡിയ ബന്ധം സൃഷ്ടിച്ചെടുക്കുന്നത് ഒരു മാരത്തണ്‍ ഓടുന്നതിന് തുല്യമായ അധ്വാനമാണ്. ചെലവഴിക്കുന്ന സമയത്തിനൊപ്പമാണ് ഇത് വളരുക. അതുകൊണ്ട് സോഷ്യലായി പെരുമാറാന്‍ ശ്രമിക്കുക, ബാക്കിയെല്ലാം പിന്നാലെ വരും.