പുറമെ ചിരിക്കും, ഉള്ളില്‍ കരയും; അപകടകാരിയായ ഈ വിഷാദം എങ്ങിനെ തിരിച്ചറിയാം?

0
345

അവരെ എപ്പോഴും ഒരു ചിരിയോടെ മാത്രമേ കാണാറുള്ളൂ, ഒരു ടെന്‍ഷനും കൂടാതെ ഇങ്ങനെ ചിരിക്കാന്‍ ഒരു ഭാഗ്യം തന്നെ വേണം… ഇതൊക്കെ ചിരിക്കുന്ന മുഖമുള്ളവരെ കാണുമ്പോള്‍ പൊതുവെ പറയുന്ന ഡയലോഗാണ്. എന്നാല്‍ ചിരിക്കുന്ന ആ മുഖത്തിനപ്പുറത്ത് അവരുടെ മനസ്സില്‍ വിഷാദം പുകയുന്നുവെന്ന് കേട്ടാലോ! അതെങ്ങിനെ സംഭവിക്കാനാണ് എന്നാണ് ചോദ്യം ഉയരുന്നതെങ്കില്‍ വിദഗ്ധര്‍ അതിനുള്ള മറുപടി നല്‍കും.

ഒരു ഉഷാറില്ലാതെ, കരച്ചിലും, ഒറ്റപ്പെടലുമായി നടക്കുന്നവരാണ് വിഷാദത്തിന് അടിമപ്പെട്ടവര്‍ എന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാല്‍ മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്ത് നടക്കുന്നവര്‍ ഈ അവസ്ഥകളെ മറച്ചുവെയ്ക്കാറുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷക ഒലിവിയ റീംസാണ് ഈ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്.

പുറമെയുള്ളവര്‍ക്ക് സന്തോഷിക്കുന്നവരെന്ന് തോന്നിക്കുന്ന ‘ചിരിക്കുന്ന വിഷാദം’ ബാധിച്ചവരുടെ എണ്ണമേറുകയാണെന്ന് കണക്കുകള്‍. ഇത് വെളിവാക്കുന്നതാണ് ഇതേക്കുറിച്ച് ഈ വര്‍ഷം നടന്ന ഗൂഗിള്‍ സേര്‍ച്ചിന്റെ വര്‍ദ്ധനവ്. താല്‍പര്യം നഷ്ടമായ, വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പോലും കഴിയാത്ത ഇത്തരം ആളുകള്‍ ഇത് ഒളിപ്പിച്ച് നടക്കുന്നുവെന്നതാണ് വാസ്തവം. ഇവര്‍ക്കിടയില്‍ ആത്മഹത്യാ സാധ്യത കൂടുതലുമാണ്.

ജോലിയും, വീടും, കുടുംബവും, കുട്ടികളും ഒക്കെയുള്ള സാധാരണ ജീവിതം നയിക്കുകയും സംസാരിക്കുകയും ചെയ്യുന്നതാണ് രീതി. അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. പ്രിയപ്പെട്ടവരുടെ ഒരു സന്ദേശമോ, ജോലിയില്‍ അഭിനന്ദനമോ താല്‍ക്കാലികമായി ഒരു സന്തോഷം നല്‍കുകയും വളരെ പെട്ടെന്ന് പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകുകയും ചെയ്യും.

ഭക്ഷണം അമിതമായി കഴിക്കുക, കൈകാലുകള്‍ക്ക് ഭാരം തോന്നുക, വിമര്‍ശനവും, പുറംതള്ളലും വളരെയേറെ ബാധിക്കുക എന്നിവയെല്ലാം ഈ ചിരിക്കുന്ന വിഷാദമുള്ളവരുടെ ലക്ഷണമാണ്. വൈകുന്നേരങ്ങളിലാണ് ഇതിന്റെ പ്രശ്‌നം കൂടുതലായി ബാധിക്കുക. ജീവിതത്തില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ച് നെഗറ്റീവ് അവസ്ഥ സൃഷ്ടിക്കുകയാണ് ഇവരുടെ മനസ്സ്.

സ്വയം തിരിച്ചറിഞ്ഞ് ചികിത്സ തേടുകയാണ് ഈ അവസ്ഥയില്‍ പ്രധാനം. കൂടാതെ ജീവിക്കുന്നതില്‍ അര്‍ത്ഥമുണ്ടാകാന്‍ ആരെയെങ്കിലും സഹായിക്കുന്നത് മുതല്‍ മൃഗങ്ങളെ പരിപാലിക്കുന്നത് കൊണ്ട് വരെ സാധിക്കും.