ഹരിത പടക്കങ്ങളുമായി ശിവകാശി; ദീപാവലിയ്ക്ക് ഇക്കുറി പടക്കകച്ചവടം പൊട്ടുമോ?

0
243

ചെന്നൈയില്‍ നിന്നും 550 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശിവകാശിക്ക് മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പല വ്യവസായങ്ങളുമുണ്ട്. പ്രിന്റിംഗ് വ്യവസായം ഏറ്റവും കുതിപ്പ് നേടിയ ശിവകാശിയില്‍ വര്‍ഷാവര്‍ഷം കോടികളുടെ കച്ചവടം പൊടിപൊടിക്കുന്ന മറ്റൊരു വ്യവസായ പടക്കങ്ങളുടേതാണ്. മറ്റൊരു ദീപാവലി കൂടി അടുത്തെത്തിയതോടെ ശിവകാശി ഒരിക്കല്‍ കൂടി രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് എത്തുകയാണ്.

അപകടകാരികളായ കെമിക്കലുകള്‍ ഇല്ലാതെ, ശബ്ദം കുറച്ച് സുപ്രീംകോടതി ഉത്തരവിന് അനുസൃതമായി മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങളുമായാണ് ശിവകാശിയുടെ വരവ്. 2018-ല്‍ പരമോന്നത കോടതിയുടെ വിലക്ക് വന്നതോടെ പരമ്പരാഗത വ്യവസായമായി നിലനിന്നിരുന്ന പടക്കനിര്‍മ്മാണ മേഖല കടുത്ത ആശങ്കയിലായിരുന്നു. എട്ട് ലക്ഷത്തോളം പേരുടെ ജീവിതമാര്‍ഗ്ഗമാണ് കോടതി വിധിയില്‍ പകച്ചത്.

എന്നാല്‍ ഇക്കുറി ഹരിത പടക്കങ്ങളുമായി പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ശിവകാശി. ആയിരത്തോളം നിര്‍മ്മാണ കേന്ദ്രങ്ങളില്‍ 6000 കോടി വാര്‍ഷിക വിറ്റുവരവാണ് നേടുന്നത്. ഒക്ടോബര്‍ 27-ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തിരിതെളിയുമ്പോള്‍ ഹരിത പടക്കങ്ങള്‍ക്ക് യാതൊരു കുറവും വരാത്ത രീതിയിലാണ് ശിവകാശിയുടെ ഒരുക്കമെന്ന് തമിഴ്‌നാട് ഫയര്‍വര്‍ക്ക്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഈ ചുവടുമാറ്റത്തിനായി തൊഴിലാളികള്‍ക്ക് പരിശീലനവും നല്‍കി. അതേസമയം സമയക്കുറവ് മൂലം ഗ്രീന്‍ ലോഗോ പ്രിന്റ് ചെയ്യാന്‍ സാധിക്കാത്തത് വ്യവസായികള്‍ക്ക് ആശങ്കയാകുന്നുണ്ട്. സുപ്രീംകോടതി കനിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.