ബലിയാട് ഒടുവില്‍ നിയമസഭയുടെ തിരുമുറ്റത്തേക്ക്; അരൂരിന്റെ മോള്‍ ഇനി ഷാനിമോള്‍

0
261

‘ആരാണ് ഇക്കുറി സ്ഥാനാര്‍ത്ഥി’?
‘ഓ, ഇവിടെ നിന്നിട്ട് വലിയ ഗുണമൊന്നുമില്ല, ജയിക്കാനും സാധ്യത കുറവ്’
‘എന്നാല്‍ പിന്നെ ഷാനിമോള്‍ ഉസ്മാനെ പിടിച്ച് നിര്‍ത്ത്’!

മേല്‍പ്പറഞ്ഞ ഡയലോഗുകള്‍ കുറച്ച് കാലമായി കേരള രാഷ്ട്രീയത്തില്‍ ഉറക്കെ പറഞ്ഞില്ലെങ്കിലും അടക്കിപ്പറഞ്ഞ വാക്കുകള്‍. ഷാനിമോള്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ തോറ്റത് തന്നെ എന്ന് പരസ്യവാചകം, അനായാസം ജയിക്കാമെന്ന് എതിരാളികളുടെ കണക്കുകൂട്ടല്‍, കാലുവാരാമെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍… അങ്ങിനെ ബലിയാട് സ്ഥാനാര്‍ത്ഥിയായി പലയിടത്തും മത്സരിച്ച് തോറ്റ ഷാനിമോള്‍ ഉസ്മാന്‍ ഒടുവില്‍ അരൂരിന്റെ മകളായി നിയമസഭയിലേക്ക്.

ദൗര്‍ഭാഗ്യം കൈമുതലായ നേതാവ് എന്ന് പരിഹസിക്കപ്പെട്ട ഷാനിമോളെ ഒടുവില്‍ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പില്‍ കൈപിടിച്ച് ഉയര്‍ത്തിയത് അരൂരാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായ അരൂരില്‍ ആരിഫ് പാര്‍ലമെന്റിലേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

2006-ല്‍ പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും തോല്‍വി. 2016-ല്‍ ഒറ്റപ്പാലത്ത് വീണ്ടും തോറ്റു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ വീണ്ടും മത്സരം, വീണ്ടും തോല്‍വി. ഇതിന് ശേഷമാണ് ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ വീണ്ടും പ്രഖ്യാപിക്കപ്പെടുന്നത്.

എല്‍ഡിഎഫിന്റെ മനു സി പുളിക്കലിനെ തോല്‍പ്പിച്ചാണ് അരൂര്‍ മണ്ഡലം ഷാനിമോളെ ജയിപ്പിച്ചത്. ഒടുവില്‍ തോല്‍ക്കുന്നവള്‍ എന്ന ചീത്തപ്പേര് മാറ്റിവെച്ചാണ് ഷാനിമോള്‍ നിയമസഭയിലേക്ക് എത്തുന്നത്.