പ്രമുഖ ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പ് നല്കി. കൊറോണാവൈറസില്‍ നിന്നും സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
‘നിങ്ങള്‍ക്ക് രസിച്ച് നടക്കുന്നത് തുടരുമ്പോള്‍ തന്നെ കൊറോണാവൈറസില്‍ നിന്നും സ്വയം രക്ഷിക്കുന്നത് സുപ്രധാനമാണ്’, ടിന്‍ഡര്‍ ഉപയോക്താക്കളെ അറിയിച്ചു. ഒപ്പം കൈകള്‍ കഴുകുന്നതും, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളും അവര്‍ ഉപദേശിക്കുന്നു.
കൊറോണ പടര്‍ന്നുപിടിച്ചതോടെ പല രാജ്യങ്ങളും അടച്ചുപൂട്ടിയ അവസ്ഥയിലാണ്. എന്നാല്‍ വീടുകളില്‍ എല്ലാവരും ബോറടിച്ച് ഇരിക്കുകയാണെന്ന് കരുതരുത്. ഉദാഹരണം ഈ മഹാമാരി അഴിച്ചുവിട്ട ചൈന തന്നെയാണ്. ആ രാജ്യത്ത് ഗര്‍ഭനിരോധന ഉറകളുടെ വില്‍പ്പന വര്‍ദ്ധിച്ചതായാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴി ജനപ്രിയമായി മാറിയ ഉത്പന്നമാണ് കോണ്ടം.
ഇന്ഫെക്ഷന് സമൂഹത്തില്‍ പടരുന്ന സാഹചര്യത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് എത്രത്തോളം സുരക്ഷിതമായ കാര്യമാണ്? വിദഗ്ധര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരങ്ങളില്ല. പക്ഷെ ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ അവരുടെ ആചാരത്തിന്റെ ഭാഗമായ ‘ചുംബിച്ചുള്ള’ ആശംസയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖമായാണ് കൊറോണാവൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ചുംബനം ഒരു സ്വാഭാവിക കാര്യവുമാണ്. പങ്കാളിക്ക് വൈറസ് പിടിപെട്ടിട്ടുണ്ടെങ്കിലും ഇതുവഴി മറ്റൊരാളിലേക്ക് ഇന്ഫെക്ഷന് പടരാം.
യുഎസ് സിഡിസി അടുത്ത സമ്പര്‍ക്കമായി പരിഗണിക്കുന്നത് ആറ് അടി അകലമാണ്. ലോകാരോഗ്യ സംഘടന 3 അടിയും ഈ അകലമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ശാരീരികമായ അടുപ്പവും ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.